കോഴിക്കോട് എൽഡിഎഫിൽ പൊട്ടിത്തെറി: സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആർജെഡി
കോഴിക്കോട്: കോർപറേഷൻ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഇടതുമുന്നണിയിൽ വൻ പൊട്ടിത്തെറി. ആർജെഡി സ്ഥാനാർത്ഥികളുടെ തോൽവിക്ക് കാരണം സിപിഎമ്മിന്റെ ഇടപെടലാണെന്ന് ആരോപിച്ചു ആർജെഡി രംഗത്തെത്തി. ആർജെഡി മത്സരിച്ച നാല് വാർഡുകളിലും സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ ഒരു വിഭാഗം സിപിഎം നേതാക്കൾ ബോധപൂർവം പ്രവർത്തിച്ചുവെന്നാണ് പ്രധാന ആരോപണം.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം നേതാക്കളുടെ പേര് സഹിതം ആർജെഡി സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി. ആർജെഡി സീറ്റുകളിൽ സിപിഎം സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിച്ചെന്നും, പ്രാദേശിക നേതാക്കളുടെ താൽപര്യപ്രകാരം വാർഡ് വിഭജനത്തിൽ ക്രമക്കേട് നടത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്. ആർജെഡി സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യരുതെന്ന് സിപിഎം കേന്ദ്രങ്ങളിൽ നിന്ന് ആഹ്വാനമുണ്ടായതായും ആർജെഡി കോഴിക്കോട് ഒന്നാം നിയോജക മണ്ഡലം കമ്മിറ്റി ആരോപിക്കുന്നു.
കാരപ്പറമ്പ്, നടക്കാവ്, മൂന്നാലിങ്ങൽ, മാവൂർ റോഡ് എന്നീ വാർഡുകളിലാണ് ആർജെഡി സ്ഥാനാർത്ഥികൾ പരാജയപ്പെട്ടത്. ഈ വിഷയത്തിൽ സിപിഎം അടിയന്തരമായി തിരുത്തൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രവർത്തകർ സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കുമെന്നും ആർജെഡി നേതൃത്വം മുന്നറിയിപ്പ് നൽകി. മുന്നണി ബന്ധത്തെ ബാധിക്കുന്ന തരത്തിലുള്ള ആരോപണങ്ങൾ പുറത്തുവന്നതോടെ കോഴിക്കോട്ടെ എൽഡിഎഫിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.