വിൽപ്പന കുത്തനെ ഇടിഞ്ഞു; സ്വർണം വാങ്ങുന്നത് നിർത്തി ജ്വല്ലറികൾ
മുംബൈ: സ്വർണവില കുതിച്ചുയരുന്നത് രാജ്യത്തെ ആഭരണ വിപണിയെ കനത്ത പ്രതിസന്ധിയിലാക്കുന്നു. സ്വർണം വാങ്ങാനുള്ള ഉപഭോക്താക്കളുടെ താൽപര്യം കുറഞ്ഞതാണ് ജ്വല്ലറികളെ നിരാശപ്പെടുത്തിയത്. അത്യാവശ്യങ്ങൾക്ക് പുതിയ സ്വർണാഭരണത്തിന് പകരം ആളുകൾ പഴയത് മാറ്റിവാങ്ങുകയാണ്. അതേസമയം, ഈ മാസം സ്വർണത്തിന്റെ വിൽപനയിൽ 70 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി.
വിലയിൽ 30 ശതമാനത്തിലേറെ കുതിപ്പുണ്ടായതോടെയാണ് വിൽപനയിൽ ഇടിവ് നേരിട്ടത്. ആഭരണങ്ങൾക്ക് പകരം നിക്ഷേപത്തിന് വേണ്ടി സ്വർണം വാങ്ങുന്നതിലേക്ക് വിപണി മാറുന്നതാണ് നിലവിലെ സ്ഥിതി. സ്വർണ നാണയം, സ്വർണ ബാർ, ഗോൾഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്, ഡിജിറ്റൽ ഗോൾഡ് തുടങ്ങിയ വിഭാഗങ്ങളിലാണ് ഇപ്പോൾ നിക്ഷേപം നടക്കുന്നത്. ഇതോടെ നിക്ഷേപ ആവശ്യകത 17 ശതമാനം വർദ്ധിച്ച് 280.4 ടണ്ണിലെത്തി.
ഈ വർഷം രാജ്യത്തെ സ്വർണ ആവശ്യകതയിൽ വലിയ കുറവുണ്ടാകുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ (WGC) റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം സ്വർണത്തിന്റെ ആവശ്യം 710.9 ടണ്ണായിരുന്നെങ്കിൽ, ഈ വർഷം അത് 600700 മെട്രിക് ടണ്ണിലേക്ക് ചുരുങ്ങിയേക്കാം.
വിലക്കയറ്റം സാധാരണക്കാരുടെ ബജറ്റിനെ ബാധിച്ചതോടെ 2025ൽ ആഭരണ വിപണിയിൽ 24 ശതമാനത്തിന്റെ കുറവുണ്ടായി. മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത് (കോവിഡ് കാലം ഒഴികെ). സ്വർണവിലയിൽ 2025ൽ മാത്രം 76.5 ശതമാനം വർദ്ധനവുണ്ടായപ്പോൾ ഓഹരി വിപണിയിലെ നേട്ടം വെറും 10.5 ശതമാനം മാത്രമായിരുന്നു. ആഭരണങ്ങളിൽ നിന്ന് ക്രമേണ നിക്ഷേപത്തിലേക്ക് ഇന്ത്യക്കാരുടെ താൽപ്പര്യം മാറുന്നതായാണ് നിലവിലെ പ്രവണതകൾ സൂചിപ്പിക്കുന്നത്.