02/03/2026
[fontresizer_tawhidurrahmandear_widget]

എയിംസ് ഇല്ല, അതിവേഗ റെയിൽ ഇല്ല; കേരളത്തിന് നിരാശ തന്നെ-ആശ്വാസമായി നികുതി ലഘൂകരണം | Union Budget 2026

 എയിംസ് ഇല്ല, അതിവേഗ റെയിൽ ഇല്ല; കേരളത്തിന് നിരാശ തന്നെ-ആശ്വാസമായി നികുതി ലഘൂകരണം | Union Budget 2026

നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നു

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റിലും കേരളത്തിന് നിരാശ. സംസ്ഥാനം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അതിവേഗ റെയിൽ ഇടനാഴിയും എയിംസും ഇത്തവണയും പ്രഖ്യാപിച്ചില്ല. എന്നാൽ, രാജ്യത്തെ നികുതിദായകർക്ക് വലിയ ആശ്വാസം നൽകുന്ന വിധത്തിൽ ആദായനികുതി നിയമങ്ങൾ ലഘൂകരിക്കുമെന്ന പ്രഖ്യാപനം ധനമന്ത്രി നിർമല സീതാരാമൻ നടത്തി.

സംസ്ഥാനം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വേഗറെയിൽ ഇടനാഴിയിൽ കേരളം ഇല്ല. ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയിൽ ഇടനാഴിയിലാണ് കേരളം ഉൾപ്പെടാതിരുന്നത്. മുംബൈ-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്-ബംഗളൂരു, ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബംഗളൂരു, ഡൽഹി-വാരാണസി, വാരാണസി-സിലിഗുരി എന്നീ ഏഴ് അതിവേഗ റെയിൽ ഇടനാഴികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിത്. ഇതോടെ കേരള എംപിമാർ ‘കേരളം, കേരളം’ എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. ബജറ്റിൽ കേരളത്തെ ചേർത്ത് ധാതു ഇടനാഴി പ്രഖ്യാപിച്ചു. അപൂർവ ധാതുഖനനം കൂട്ടാനാണ് പദ്ധതി. ഒഡീഷ, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളെ ചേർത്താണ് ഇടനാഴി പ്രഖ്യാപിച്ചത്. കടലാമ പരിചരണത്തിനായി കേരളത്തിലും കർണാടകയിലും കേന്ദ്രം സ്ഥാപിക്കുമെന്നും പ്രഖ്യാപനമുണ്ട്.

കേരളത്തെ തഴഞ്ഞ് റെയിൽവേ; ‘ധാതുമണൽ’ മാത്രം ബാക്കി
രാജ്യത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് ഏഴ് പുതിയ അതിവേഗ റെയിൽ ഇടനാഴികൾ ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും ഒന്നിലും കേരളം ഇടംപിടിച്ചില്ല. സിൽവർലൈൻ ഉൾപ്പെടെയുള്ള പദ്ധതികൾക്ക് കേന്ദ്രം പച്ചക്കൊടി കാട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് ഇത് വലിയ തിരിച്ചടിയായി. വിഴിഞ്ഞം വികസനത്തിനായുള്ള പ്രത്യേക പാക്കേജും ബജറ്റിൽ ഇടംപിടിച്ചില്ല.

ധാതുമണൽ ഇടനാഴി: കേരളത്തിന് ലഭിച്ച ഏക ആശ്വാസം ‘റെയർ എർത്ത്’ (അപൂർവ ധാതു) ഖനനത്തിനായുള്ള പ്രത്യേക ഇടനാഴിയാണ്. കേരളം, ഒഡീഷ, ആന്ധ്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി ഖനനവും സംസ്‌കരണവും വർദ്ധിപ്പിക്കാൻ പദ്ധതിയുണ്ട്.

കടലാമ സംരക്ഷണം: കേരളത്തിലും കർണാടകയിലുമായി കടലാമകൾക്കായി പ്രത്യേക സംരക്ഷണ കേന്ദ്രം സ്ഥാപിക്കുമെന്നും പ്രഖ്യാപനമുണ്ട്.

പുതിയ ആദായനികുതി നിയമം 2025
നികുതിദായകർക്കായി നിർണായകമായ മാറ്റങ്ങളാണ് ബജറ്റിലുള്ളത്. 2026 ഏപ്രിൽ ഒന്നു മുതൽ ‘പുതിയ ആദായനികുതി നിയമം’ നിലവിൽ വരും.

ടിസിഎസ് കുറച്ചു: വിദേശയാത്രകൾക്കും വിദേശത്തുള്ള മെഡിക്കൽ വിദ്യാഭ്യാസത്തിനുമുള്ള നികുതി അഞ്ച് ശതമാനത്തിൽ നിന്ന് രണ്ടു ശതമാനമാക്കി കുറച്ചു. ഇത് പ്രവാസികൾക്കും വിദ്യാർത്ഥികൾക്കും വലിയ ആശ്വാസമാണ്.

വാഹനാപകട നഷ്ടപരിഹാരം: വാഹനാപകടങ്ങളിൽ ലഭിക്കുന്ന നഷ്ടപരിഹാര തുകയ്ക്ക് ഇനി മുതൽ നികുതി നൽകേണ്ടതില്ല.

പ്രവാസികൾക്ക് ടിഡിഎസ്: പ്രവാസികളുടെ (എൻആർഐകൾ) ഇന്ത്യയിലുള്ള സ്ഥാവര വസ്തുക്കളുടെ കൈമാറ്റത്തിന് ടിഡിഎസ് ഏർപ്പെടുത്തും.

ലഘൂകരണം: നികുതി നിയമങ്ങൾ കൂടുതൽ ലളിതമാക്കും. വരുമാനം മറച്ചുവെക്കുന്നത് ശിക്ഷാർഹമാണെങ്കിലും, ചെറിയ തെറ്റുകൾക്ക് പിഴ മാത്രമായി ശിക്ഷ പരിമിതപ്പെടുത്തും.

ആരോഗ്യമേഖലയും മറ്റ് പ്രധാന തീരുമാനങ്ങളും
ക്യാൻസർ മരുന്നുകൾക്ക് വില കുറയും: 17 തരം ക്യാൻസർ മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി.

ആയുർവേദം: മൂന്ന് പുതിയ അഖിലേന്ത്യ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കും.

സെമികണ്ടക്ടർ മിഷൻ: ‘ഇന്ത്യ 2.0 സെമികണ്ടക്ടർ’ മിഷനായി 40,000 കോടി രൂപ വകയിരുത്തി.

Also read: