സ്വർണ ബോണ്ട് നിക്ഷേപകർക്ക് ഇരുട്ടടി: നികുതി ഇളവുകൾ വെട്ടിക്കുറച്ച് കേന്ദ്രം; പുതിയ മാറ്റങ്ങൾ ഇങ്ങനെ
ന്യൂഡൽഹി: സ്വർണ ബോണ്ട് നിക്ഷേപകർക്ക് തിരിച്ചടി. സോവറിൻ ഗോൾഡ് ബോണ്ട് നിക്ഷേപങ്ങളുടെ മൂലധന നേട്ട നികുതിയിൽ കേന്ദ്ര ബജറ്റ് വ്യക്തത വരുത്തിയതോടെ ഒരു വിഭാഗം നിക്ഷേപകർക്ക് ഇനി നികുതി ഇളവ് ലഭിക്കില്ല. ബോണ്ടുകൾ ഇഷ്യു ചെയ്യുന്ന സമയത്ത് നേരിട്ട് വാങ്ങിയവർക്ക് മാത്രമായിരിക്കും ഇനി മുതൽ പൂർണ്ണമായ നികുതി ഇളവ് ലഭിക്കുക.
ഷെയർ മാർക്കറ്റ് പോലുള്ള സെക്കൻഡറി മാർക്കറ്റുകൾ വഴി ഗോൾഡ് ബോണ്ടുകൾ വാങ്ങിയവർക്ക് പുതിയ തീരുമാനം വലിയ തിരിച്ചടിയാകും. ഇവർ കാലാവധി പൂർത്തിയാകുന്നതുവരെ ബോണ്ടുകൾ കൈവശം വെച്ചാലും മൂലധന നേട്ടത്തിന് നികുതി നൽകേണ്ടി വരും. ഈ വർഷം ഏപ്രിൽ ഒന്ന് മുതലാണ് പുതിയ നിബന്ധന പ്രാബല്യത്തിൽ വരുന്നത്.
ആർബിഐ ബോണ്ട് പുറത്തിറക്കുന്ന സമയത്ത് ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി നേരിട്ട് സബ്‌സ്‌ക്രൈബ് ചെയ്തവർക്ക് നിലവിലെ നികുതി ഇളവുകൾ തുടരും. എന്നാൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ബോണ്ടുകൾ വാങ്ങിയവർ ഇനി മുതൽ നികുതി പരിധിയിൽ വരും. നേരത്തെ, ഏത് വഴി വാങ്ങിയതായാലും കാലാവധി വരെ തുടരുന്ന നിക്ഷേപങ്ങൾക്ക് പൂർണ നികുതി ഇളവ് ലഭിക്കുമായിരുന്നു.
പുതിയ വ്യവസ്ഥ പ്രകാരം, സെക്കൻഡറി മാർക്കറ്റിൽ നിന്ന് വാങ്ങിയ ബോണ്ടുകൾ 12 മാസത്തിന് ശേഷം വിൽക്കുകയാണെങ്കിൽ 12.50 ശതമാനം മൂലധന നേട്ട നികുതി നൽകണം. ഒരു വർഷത്തിനുള്ളിലാണ് വിൽക്കുന്നതെങ്കിൽ നിക്ഷേപകന്റെ ടാക്‌സ് സ്ലാബ് അനുസരിച്ചായിരിക്കും നികുതി കണക്കാക്കുക. കൂടാതെ, ബോണ്ടിന് ലഭിക്കുന്ന 2.50 ശതമാനം പലിശയ്ക്ക് എല്ലാ വിഭാഗം നിക്ഷേപകരും നിലവിലുള്ളത് പോലെ നികുതി നൽകണം.
സ്വർണത്തിന്റെ ഇറക്കുമതി കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് സർക്കാർ ഈ പദ്ധതി തുടങ്ങിയതെങ്കിലും, സ്വർണവിലയിലുണ്ടായ വൻ വർധനവ് സർക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടാക്കിയിരുന്നു. ഇതിനെത്തുടർന്ന് 2024 ഫെബ്രുവരിക്ക് ശേഷം പുതിയ ഗോൾഡ് ബോണ്ട് ഇഷ്യൂകൾ സർക്കാർ പുറത്തിറക്കിയിട്ടില്ല.