ലഹരി മൂത്ത് ക്രൂരത; മഞ്ചേശ്വരത്ത് പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തി
കൊല്ലപ്പെട്ട ജുമൈല
മഞ്ചേശ്വരം: കാസർകോട് മഞ്ചേശ്വരത്ത് കുടുംബ വഴക്കിനിടെ പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തി. കുഞ്ചത്തൂർ ഹിൽടോപ്പിലെ ജുമൈല(18) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് ഉമ്മറിനെ മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നു വൈകീട്ട് ആറുമണിയോടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. ഉമ്മറും കുടുംബവും അകന്നുകഴിയുകയായിരുന്നു. ഭാര്യയുടെ പേരിലുള്ള സ്ഥലത്തിന്റെ രേഖകൾ തിരികെ നൽകാനെന്ന വ്യാജേനയാണ് ഉമർ ഫാറൂഖ് വീണ്ടും വീട്ടിലെത്തിയത്. തുടർന്ന് സ്ഥലത്തെച്ചൊല്ലി തർക്കമുണ്ടാവുകയും കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ജുമൈലയുടെ കഴുത്തിന് വെട്ടുകയുമായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ രക്തത്തിൽ കുളിച്ചു കിടക്കുന്ന ജുമൈലയെയാണ് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതിയായ ഉമ്മർ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾക്ക് അടിമയാണെന്ന് പോലീസ് പറഞ്ഞു. വിദേശത്തായിരുന്ന ഇയാൾ മൂന്ന് മാസം മുമ്പാണ് നാട്ടിലെത്തിയത്. ലഹരി ഉപയോഗിച്ചതിനെ തുടർന്നുണ്ടായ ഉന്മാദാവസ്ഥയിലാണ് ഇയാൾ അക്രമം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.