ട്രാൻസ്ഫർ തർക്കം; അൽ നസറിനു വേണ്ടി കളത്തിലിറങ്ങാതെ ക്രിസ്റ്റ്യാനോയുടെ പ്രതിഷേധം
റിയാദ്: ക്ലബ് ഉടമസ്ഥരുമായുള്ള തർക്കത്തെത്തുടർന്ന് അൽ നസർ നായകനും സൂപ്പർ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ സൌദി പ്രോലീഗ് മത്സരത്തിൽ നിന്ന് വിട്ടുനിന്നു. തിങ്കളാഴ്ച അൽ റിയാദിനെതിരായ മത്സരത്തിലായിരുന്നു സംഭവം. പോർച്ചുഗീസ് താരത്തിന്റെ അഭാവത്തിൽ അൽ നസർ മത്സരത്തിൽ 1-0 ന് ജയിച്ചു.
പരിക്കോ മറ്റ് ശാരീരിക ബുദ്ധിമുട്ടുകളോ ഇല്ലാതിരുന്നിട്ടും 40 കാരനായ താരം സ്ക്വാഡിൽ ഉൾപ്പെടാതിരുന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. അൽ നസർ ഉൾപ്പെടെയുള്ള പ്രമുഖ ക്ലബുകളുടെ ഭൂരിഭാഗം ഓഹരികളും കൈയ്യാളുന്ന സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (പിഐഎഫ്) മാനേജ്‌മെന്റ് രീതികളിലുള്ള അതൃപ്തിയാണ് റൊണാൾഡോയുടെ വിട്ടുനിൽക്കലിന് പിന്നിലെന്ന് റിപ്പോർട്ടുകൾ പറയുന്നു.
മറ്റ് ടീമുകളെ അപേക്ഷിച്ച് അൽ നസറിന് ട്രാൻസ്ഫർ വിപണിയിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നാണ് റൊണാൾഡോയുടെ പരാതി. ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ മുഖ്യ എതിരാളികളായ അൽ ഹിലാൽ വൻതോതിൽ നിക്ഷേപം നടത്തിയപ്പോൾ അൽ നസർ വേണ്ടത്ര സൈനിംഗുകൾ നടത്തിയില്ലെന്ന് താരം കരുതുന്നു.
ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം അൽ ഇത്തിഹാദിൽ നിന്ന് കരീം ബെൻസെമയെ അൽ ഹിലാൽ സ്വന്തമാക്കിയത് റൊണാൾഡോയുടെ അതൃപ്തി വർദ്ധിപ്പിച്ചു. റയൽ മാഡ്രിഡിൽ തന്റെ സഹതാരമായിരുന്ന ബെൻസേമ അൽ ഹിലാലിലേക്ക് കൂടുമാറുന്നതിൽ ക്രിസ്റ്റ്യാനോയ്ക്ക് താൽപര്യമുണ്ടായിരുന്നില്ല. ഇക്കാര്യം അറിയാമായിരുന്നിട്ടും ക്ലബ്ബ് ഉടമകളായ സൌദി പിഐഎഫ് പരിഗണിച്ചില്ല എന്നതാണ് താരത്തിന്റെ പ്രതിഷേധത്തിലേക്ക് നയിച്ചത്. നിലവിൽ ലീഗിൽ അൽ ഹിലാലിന് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്താണ് അൽ നസർ.
റൊണാൾഡോയുടെ അഭാവം ഫിറ്റ്നസ് പ്രശ്നങ്ങൾ മൂലമല്ലെന്ന് പ്രശസ്ത ഫുട്ബോൾ നിരീക്ഷകൻ ഫാബ്രിസിയോ റൊമാനോയും സ്ഥിരീകരിച്ചു. ഇതിനിടെ, ചൊവ്വാഴ്ച രാവിലെ നടന്ന പരിശീലന സെഷനിലും താരം പങ്കെടുത്തില്ലെന്നാണ് ക്ലബുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ വ്യക്തമാക്കുന്നത്.
2022 മുതൽ ടീമിനൊപ്പമുള്ള റൊണാൾഡോയുടെ സൌദി ലീഗിലെ ഭാവി ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. താരം യൂറോപ്പിലേക്ക് മടങ്ങുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും ഔദ്യോഗിക പ്രതികരണങ്ങൾ ഉണ്ടായിട്ടില്ല