03/03/2026
[fontresizer_tawhidurrahmandear_widget]

‘ലോകക്രമം ഇന്ത്യയിലേക്ക് തിരിയുന്നു; യുഎസ് വ്യാപാര കരാർ ക്ഷമയോടെയുള്ള ചർച്ചകളുടെ ഫലം’-പ്രധാനമന്ത്രി

 ‘ലോകക്രമം ഇന്ത്യയിലേക്ക് തിരിയുന്നു; യുഎസ് വ്യാപാര കരാർ ക്ഷമയോടെയുള്ള ചർച്ചകളുടെ ഫലം’-പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാർ ഇന്ത്യയുടെ സുസ്ഥിരമായ ക്ഷമയുടെയും നയതന്ത്ര വിജയത്തിന്റെയും ഫലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് നടന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താരിഫ് നിരക്കുകളെച്ചൊല്ലി മുൻപ് ഉയർന്ന വിമർശനങ്ങൾ ഇപ്പോൾ രാജ്യത്തിന് ഗുണകരമായ ഫലങ്ങളിലേക്ക് വഴിമാറിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

യൂഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ചർച്ചയ്ക്ക് പിന്നാലെ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ താരിഫ് 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കാൻ തീരുമാനമായിരുന്നു. ഇത് ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വലിയ ഉത്തേജനം നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘ലോകക്രമം മാറിക്കൊണ്ടിരിക്കുകയാണ്, അതിന്റെ സഞ്ചാരപഥം ഇന്ത്യയിലേക്ക് കൂടുതൽ കൂടുതൽ ചായുന്നു. ആഗോള വ്യാപാര സംഘർഷങ്ങൾക്കിടയിലും ഇന്ത്യയ്ക്ക് നേട്ടമുണ്ടാക്കാൻ സാധിക്കുന്നത് സർക്കാരിന്റെ അളന്നുമുറിച്ച സമീപനം മൂലമാണ്,’ അദ്ദേഹം കൂട്ടിച്ചേർത്തു.

സഭാനടപടികളിൽ എംപിമാർ സജീവമായി പങ്കെടുക്കണമെന്നും സർക്കാരിന്റെ നേട്ടങ്ങളും ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളും ജനങ്ങളിലേക്ക് എത്തിക്കണമെന്നും അദ്ദേഹം പാർട്ടി അംഗങ്ങളോട് അഭ്യർത്ഥിച്ചു. വികസിത ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ പൗരന്മാരുടെ ആത്മവിശ്വാസം നിർണായകമാണെന്ന് യോഗത്തിന് മുന്നോടിയായി അദ്ദേഹം എക്‌സിൽ കുറിച്ചു. ഇന്ത്യയുടെ വ്യാവസായിക വളർച്ചയെ ശക്തിപ്പെടുത്തുന്നതിനും ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുന്നതിനും പുതിയ വ്യാപാര കരാർ വലിയ പങ്കുവഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Also read: