31/07/2026
[fontresizer_tawhidurrahmandear_widget]

കൊറിയൻ ഗെയിമിന് അടിമകൾ; മാതാപിതാക്കൾ എതിർത്തതിനെ തുടർന്ന് മൂന്ന് സഹോദരിമാർ ഒമ്പതാം നിലയിൽ നിന്ന് ചാടി മരിച്ചു

 കൊറിയൻ ഗെയിമിന് അടിമകൾ; മാതാപിതാക്കൾ എതിർത്തതിനെ തുടർന്ന് മൂന്ന് സഹോദരിമാർ ഒമ്പതാം നിലയിൽ നിന്ന് ചാടി മരിച്ചു

ലഖ്‌നൗ: മൂന്ന് സഹോദരിമാർ ഒമ്പതാം നിലയിൽ നിന്ന് ചാടി മരിച്ചു. ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഭാരത് സിറ്റി റെസിഡൻഷ്യൽ ടൗൺഷിപ്പിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഓൺലൈൻ ഗെയിമിങ്ങിന് അടിമപ്പെട്ട പെൺകുട്ടികൾ മാതാപിതാക്കളുടെ എതിർപ്പിനെത്തുടർന്നാണ് ആത്മഹത്യ ചെയ്തത്.

വിഷിക (16), പ്രാചി (14), പഖി (12) എന്നീ സഹോദരിമാരാണ് മരിച്ചത്. ചേതൻ കുമാർ എന്നയാളുടെ മക്കളായ ഇവർ കൊറിയൻ ടാസ്‌ക് അധിഷ്ഠിത ഓൺലൈൻ ഗെയിമിന് കടുത്ത രീതിയിൽ അടിമപ്പെട്ടിരുന്നതായി പോലീസ് അറിയിച്ചു. മുറി അകത്തുനിന്ന് പൂട്ടിയ ശേഷം ജനാലയിലൂടെ മൂവരും ഓരോരുത്തരായി താഴേക്ക് ചാടുകയായിരുന്നു. താഴെ വീഴുന്ന ശബ്ദം കേട്ട് സുരക്ഷാ ജീവനക്കാരും അയൽക്കാരും ഓടിയെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഉടൻ തന്നെ ലോണിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

കോവിഡ് കാലത്താണ് പെൺകുട്ടികൾ ഗെയിമിലേക്ക് ആകർഷിക്കപ്പെട്ടത്. കൊറിയൻ പേരുകൾ സ്വയം സ്വീകരിച്ചിരുന്ന ഇവർ, ഗെയിമിലെ ടാസ്‌ക്കുകൾ പൂർത്തിയാക്കുന്നതിൽ അതീവ താല്പര്യം കാണിച്ചിരുന്നു. പഠനത്തിലും സ്‌കൂളിൽ പോകുന്നതിലും ഇവർ വീഴ്ച വരുത്തിയിരുന്നതായി പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്. രണ്ടാമത്തെ സഹോദരിയായ പ്രാചിയാണ് മറ്റു രണ്ടുപേരെ ഗെയിം കളിക്കാൻ നയിച്ചിരുന്നത് എന്നാണ് പ്രാഥമിക നിഗമനം.

സംഭവസ്ഥലത്തുനിന്നും എട്ട് പേജുള്ള ആത്മഹത്യാക്കുറിപ്പും ഡയറിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. തങ്ങളുടെ പ്രവൃത്തികൾക്ക് മാതാപിതാക്കളോട് ക്ഷമ ചോദിക്കുന്നതായും, ഡയറിയിലുള്ള കാര്യങ്ങൾ സത്യമാണെന്നും കുറിപ്പിൽ പറയുന്നു. ‘ക്ഷമിക്കണം പപ്പാ’ എന്ന വാചകത്തോടൊപ്പം കരയുന്ന ഇമോജിയും പെൺകുട്ടികൾ കുറിപ്പിൽ വരച്ചുചേർത്തിരുന്നു. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ ഡയറിയിൽ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഷാലിമാർ ഗാർഡൻ എസിപി അതുൽ കുമാർ സിങ്ങിന്റെ നേതൃത്വത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Also read:

1 Comment

Comments are closed.