സഹോദരിമാരുടെ ആത്മഹത്യ: ‘കൊറിയയാണ് ഞങ്ങളുടെ ജീവിതം’; കൊറിയൻ പേരുകളിൽ സോഷ്യൽ മീഡിയയിൽ സജീവം
ലഖ്‌നൗ: ഗാസിയാബാദിൽ സഹോദരിമാരായ മൂന്ന് കുട്ടികൾ ഫഌറ്റിൽനിന്ന് ചാടി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊറിയൻ സംസ്‌കാരത്തോടുള്ള കടുത്ത അഭിനിവേശവും കുടുംബത്തിലെ സാമ്പത്തിക തകർച്ചയുമാണ് കൗമാരക്കാരായ പെൺകുട്ടികളെ മരണത്തിലേക്ക് നയിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. 16, 14, 12 വയസ്സുള്ള നിഷിക, പ്രാചി, പാഖി എന്നിവരാണ് ഇന്നലെ രാവിലെ ഒൻപതാം നിലയിലെ അപ്പാർട്ട്‌മെന്റിൽ നിന്ന് ചാടി മരിച്ചത്.
മരിയ, അലിസ, സിൻഡി എന്നീ കൊറിയൻ പേരുകളിൽ ഇവർ നടത്തിയിരുന്ന സോഷ്യൽ മീഡിയ അക്കൗണ്ടിന് വലിയ തോതിൽ ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. എന്നാൽ പെൺകുട്ടികളുടെ കൊറിയൻ ഭ്രമം അറിഞ്ഞ പിതാവ് ചേതൻ കുമാർ 10 ദിവസം മുൻപ് ഇവരുടെ ഫോണുകൾ പിടിച്ചുവാങ്ങുകയും അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തു. രണ്ട് കോടി രൂപയുടെ കടബാധ്യതയുണ്ടായിരുന്ന ഇയാൾ വൈദ്യുതി ബിൽ അടയ്ക്കുന്നതിനായി കുട്ടികളുടെ ഫോണുകൾ വിൽക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി കുട്ടികളെ സ്‌കൂളിൽ അയച്ചിരുന്നില്ലെന്നും ഇവരെ ഇന്ത്യക്കാരെക്കൊണ്ട് വിവാഹം കഴിപ്പിക്കുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് കണ്ടെത്തി.
മരണത്തിന് മുൻപ് പെൺകുട്ടികൾ എഴുതിയ എട്ട് പേജുള്ള ആത്മഹത്യാക്കുറിപ്പിൽ തങ്ങളുടെ കൊറിയൻ സ്‌നേഹത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ‘കൊറിയൻ സംസ്‌കാരമായിരുന്നു ഞങ്ങളുടെ ജീവിതം, അത് ഉപേക്ഷിപിക്കാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു?’ എന്ന് ഡയറിയിൽ പിതാവിനോടായി ചോദിക്കുന്നു. തങ്ങളുടെ ജീവിതം കെപോപ്പിനും കൊറിയൻ താരങ്ങൾക്കുമായി സമർപ്പിച്ചവരാണെന്നും ഇന്ത്യക്കാരെ വിവാഹം കഴിക്കാൻ സാധിക്കില്ലെന്നും അവർ കുറിച്ചു.
തുടക്കത്തിൽ ഇതൊരു ഓൺലൈൻ ടാസ്‌ക് ഗെയിമിന്റെ ഭാഗമാണെന്ന് സംശയിച്ചിരുന്നെങ്കിലും, കുടുംബപ്രശ്‌നങ്ങളും അമിതമായ കൊറിയൻ സ്വാധീനവുമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം. ‘ക്ഷമിക്കണം പപ്പാ’ എന്ന് കുറിച്ചുകൊണ്ട് കരയുന്ന ഇമോജിയോടെയാണ് ആത്മഹത്യാക്കുറിപ്പ് അവസാനിക്കുന്നത്.