അക്രമികളെ ഒറ്റയ്ക്ക് നേരിട്ട് കോൺഗ്രസ് പ്രവർത്തക; സംഭവം അസമിൽ ഗൊഗോയിയുടെ ‘പരിവർത്തൻ യാത്ര’യ്ക്കിടെ
യാത്ര തടയാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകരെ വാഹനത്തിനു മുന്നില്‍ കയറി തടയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക
ഗുവാഹത്തി: അസമിൽ കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് നയിക്കുന്ന ‘പരിവർത്തൻ യാത്ര’യ്ക്കുനേരെ ബി.ജെ.പി ആക്രമണം. ഇതിനിടെ അക്രമികൾക്ക് മുന്നിൽ പതറാതെ നിന്ന് അവരെ ഒറ്റയ്ക്ക് നേരിടുന്ന കോൺഗ്രസ് വനിതാ പ്രവർത്തകയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
ഗൗരവ് ഗൊഗോയിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന യാത്രയ്ക്കിടെയാണ് ഒരു സംഘം ആളുകൾ അക്രമം അഴിച്ചുവിട്ടത്. ഈ സമയം വാഹനത്തിന് മുന്നിലേക്ക് പാഞ്ഞടുത്ത അക്രമികളെ തടയാൻ ഒരു വനിതാ പ്രവർത്തക ധീരമായി മുന്നിട്ടിറങ്ങുകയായിരുന്നു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഗുണ്ടകളാണ് യാത്ര ആക്രമിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു.
അക്രമികൾക്ക് മുന്നിൽ ഒട്ടും ഭയമില്ലാതെ, വിരൽ ചൂണ്ടി സംസാരിക്കുന്ന വനിതാ പ്രവർത്തകയുടെ ദൃശ്യങ്ങൾ ഇതിനകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ‘ഇന്നലെ ഹിമന്ത ബിശ്വ ശർമയുടെ ഗുണ്ടകൾ അസം കോൺഗ്രസ് യാത്ര ആക്രമിച്ചു. ഈ സമയത്ത് ഒരു കോൺഗ്രസ് വനിതാ പ്രവർത്തക അവരെ നേരിട്ടത് ഇങ്ങനെയാണ്’- എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നടത്തുന്ന യാത്രയെ ബി.ജെ.പി ഭയക്കുന്നുവെന്നും അതിനാലാണ് ഇത്തരം അക്രമങ്ങൾ അഴിച്ചുവിടുന്നതെന്നും കോൺഗ്രസ് വൃത്തങ്ങൾ പ്രതികരിച്ചു. അസമിലെ ബി.ജെ.പി സർക്കാരിനെതിരെ വികസനം, ഭൂമി അവകാശം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസ് പരിവർത്തൻ യാത്ര നടത്തുന്നത്. എന്നാൽ, യാത്രയ്ക്കിടെ പലയിടത്തും തടസ്സങ്ങളും അക്രമങ്ങളും നേരിടേണ്ടി വരുന്നുണ്ടെന്ന് കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നു.
സംഭവത്തിൽ പോലീസ് ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.