02/03/2026
[fontresizer_tawhidurrahmandear_widget]

റൊണാൾഡോയും അൽ നാസറും പോരിൽ; സൗദി പ്രൊ ലീഗിൽ സംഭവിക്കുന്നതെന്ത്?

 റൊണാൾഡോയും അൽ നാസറും പോരിൽ; സൗദി പ്രൊ ലീഗിൽ സംഭവിക്കുന്നതെന്ത്?

റിയാദ്: സൗദി പ്രോ ലീഗ് ഫുട്‌ബോളിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും അൽ നാസർ എഫ്‌സിയും തമ്മിലുള്ള അസ്വാരസ്യങ്ങൾ കടുക്കുന്നു. മൂന്ന് വർഷം മുമ്പ് വൻ തുകയ്ക്ക് ക്ലബ്ബിലെത്തിയ റൊണാൾഡോയ്ക്ക് ടീമിന് കിരീടങ്ങൾ നേടിക്കൊടുക്കാൻ കഴിയാത്തതും, നിക്ഷേപത്തിനനുസരിച്ചുള്ള വരുമാനം (ROI) ലഭിക്കാത്തതും വലിയ വിമർശനങ്ങൾക്ക് വഴിമാറുകയാണ്. 2023ലെ അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് ഒഴികെ മറ്റൊരു പ്രധാന കിരീടവും നേടാൻ ക്ലബ്ബിനായിട്ടില്ല.

ക്ലബ്ബിന്റെ മോശം പ്രകടനം ഭരണസമിതിയിലും വലിയ മാറ്റങ്ങൾക്ക് കാരണമായി. കഴിഞ്ഞ വർഷം പ്രസിഡന്റ് ഇബ്രാഹിമുൽ മുഹൈദിബ് രാജിവെച്ചതിനെത്തുടർന്ന് അബ്ദുല്ല അൽമജീദ് ചുമതലയേറ്റു. റൊണാൾഡോയുടെ നിർദ്ദേശപ്രകാരം സിഇഒ ഗൈഡോ ഫിയേങ്കയ്ക്ക് പകരം മാജിദുൽ ജാമനും പിന്നീട് ജോസ് സെമെഡോയും എത്തി. സ്‌പോർട്ടിങ് ഡയറക്ടറായിരുന്ന ഫെർണാണ്ടോ ഹിയേറോയ്ക്ക് പകരം സിമാവോ കൗട്ടീഞ്ഞോയും ചുമതലയേറ്റു. എന്നാൽ ഇത്തരം അഴിച്ചുപണികൾ പിച്ചിലെ പ്രകടനത്തെ മെച്ചപ്പെടുത്തിയില്ല.

കരീം ബെൻസേമ അൽഹിലാലിലേക്ക് മാറിയതും, ട്രാൻസ്ഫർ വിൻഡോയിൽ അൽനാസറിന് മതിയായ പിന്തുണ ലഭിക്കുന്നില്ലെന്ന പരാതിയും റൊണാൾഡോയെ ചൊടിപ്പിച്ചു. അൽ സവ്‌റയിൽ നിന്ന് ഹെയ്ദർ അബ്ദുൾകരീമിനെയും അൽ ഹിലാലിൽ നിന്ന് അബ്ദുൽ ഹംദാനെയും മാത്രമാണ് ക്ലബ്ബ് ഒപ്പിട്ടത്. ഇതിൽ നിരാശനായ താരം ഈ രണ്ടിന് നടന്ന അൽ റിയാദ് മത്സരത്തിൽ നിന്ന് പിന്മാറി. കഴിഞ്ഞ 6ന് അൽഇത്തിഹാദിനെതിരെ നടന്ന മത്സരത്തിലും അദ്ദേഹം കളിച്ചില്ല.

സൗദിയിൽ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന ക്ലബ്ബായിട്ടും അൽനാസറിന് ട്രോഫികൾ ലഭിക്കാത്തത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്. എന്നാൽ, സൗദി ഫുട്‌ബോളിൽ വിപ്ലവം സൃഷ്ടിച്ച റൊണാൾഡോയ്ക്ക് തുല്യമായ പരിഗണന ലഭിക്കണമെന്ന് പിയേഴ്‌സ് മോർഗൻ ഉൾപ്പെടെയുള്ളവർ വാദിക്കുന്നു.

നിലവിൽ പോയിന്റ് പട്ടികയിൽ അൽ ഹിലാലിന് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്താണ് അൽ നാസർ. ഈ മാസം 14ന് അൽ ഫത്തേഹിനെതിരെ നടക്കുന്ന മത്സരത്തിൽ താരം തിരിച്ചെത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. താരശക്തിയും ക്ലബ്ബ് ഭരണകൂടവും തമ്മിലുള്ള പോരാട്ടം സൗദി ലീഗിന്റെ വരുംദിനങ്ങളെ നിർണയിക്കും.

Also read: