കാണികൾ കുടിച്ചു ബാക്കിവെച്ച കോള കുപ്പിയിലാക്കി വീണ്ടും വിൽപന; ലോകകപ്പ് വേദിയിലെ ദൃശ്യങ്ങൾ പുറത്ത്
ന്യൂഡൽഹി: ടി20 ലോകകപ്പിന്റെ ആവേശത്തിനിടയിൽ ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ച് ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽനിന്നുള്ള ദൃശ്യങ്ങൾ. ലോകകപ്പ് മത്സരങ്ങളുടെ പശ്ചാത്തലത്തിൽ സ്റ്റേഡിയത്തിലെത്തുന്ന കാണികൾക്ക് കുടിച്ചു ബാക്കിവെച്ച കോള ശേഖരിച്ച് പുതിയ കുപ്പികളിലാക്കി വീണ്ടും വിൽക്കുന്ന സ്റ്റേഡിയം ജീവനക്കാരുടെ വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ലോകകപ്പ് പോലൊരു വൻകിട ടൂർണമെന്റ് നടക്കുമ്പോൾ ഇത്രയും മോശം ശുചിത്വ നിലവാരം പുലർത്തുന്നത് സംഘാടകരുടെ പ്രതിച്ഛായയ്ക്ക് കനത്ത മങ്ങലേൽപ്പിക്കുന്നതാണ്.
ടി20 ലോകകപ്പ് മത്സരങ്ങൾക്കായി പതിനായിരക്കണക്കിന് കാണികളാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകുന്നത്. ഈ തിരക്ക് മുതലെടുത്താണ് സ്റ്റാൾ ജീവനക്കാർ വൻ ചൂഷണം നടത്തുന്നത്. ഡ്രിങ്‌സ് സ്റ്റാളിലെ ജീവനക്കാർ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് കപ്പുകളിൽനിന്ന് ബാക്കിവന്ന കോള വലിയ പാത്രത്തിലേക്ക് ശേഖരിക്കുന്നതും പിന്നീട് അത് ഒഴിഞ്ഞ കുപ്പികളിലേക്ക് നിറയ്ക്കുന്നതും സോഷ്യൽ മീഡിയിലൂടെ പുറത്തുവന്ന വീഡിയോയിൽ വ്യക്തമാണ്. ലോകകപ്പ് മത്സരങ്ങൾക്കായി ഗാലറിയിലെത്തുന്നവർ വൻ തുക നൽകി വാങ്ങുന്നത് ഇത്തരത്തിൽ മലിനമായ പാനീയങ്ങളാണോ എന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്.
സംഭവം പുറത്തുവന്നതോടെ ബിസിസിഐക്കുമെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. ബിസിസിഐയുടെ നേരിട്ടുള്ള മേൽനോട്ടത്തിലുള്ള സ്റ്റേഡിയത്തിൽ ലോകകപ്പ് സമയത്ത് ഇത്തരം കാര്യങ്ങൾ നടക്കുന്നത് ലജ്ജാകരമാണെന്നും കാണികൾക്ക് പ്രാഥമികമായ സുരക്ഷ പോലും ഉറപ്പാക്കാൻ സാധിക്കുന്നില്ലെന്നും വിമർശകർ ആരോപിക്കുന്നു.
ബാക്കിവന്ന പാനീയങ്ങൾ വീണ്ടും കുപ്പികളിലാക്കി വിൽക്കുന്നത് പടർച്ചവ്യാധികൾ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകിച്ച് അന്താരാഷ്ട്ര മത്സരങ്ങൾ നടക്കുന്ന സാഹചര്യത്തിൽ വിദേശ കാണികൾ ഉൾപ്പെടെ എത്തുന്ന സ്റ്റേഡിയങ്ങളിൽ ഇത്തരം പ്രവൃത്തികൾ രാജ്യത്തിന്റെ ടൂറിസം മേഖലയെപ്പോലും ബാധിക്കുമെന്നാണ് ഒരുകൂട്ടർ ചൂണ്ടിക്കാട്ടുന്നത്.