28/03/2026
[fontresizer_tawhidurrahmandear_widget]

തെരഞ്ഞെടുപ്പിനു മുമ്പ് സ്റ്റാലിന്റെ മാസ്റ്റർ സ്ട്രോക്ക്; 1.31 കോടി വനിതകൾക്ക് 5,000 രൂപവീതം വിതരണം ചെയ്തു

 തെരഞ്ഞെടുപ്പിനു മുമ്പ് സ്റ്റാലിന്റെ മാസ്റ്റർ സ്ട്രോക്ക്; 1.31 കോടി വനിതകൾക്ക് 5,000 രൂപവീതം വിതരണം ചെയ്തു

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന തമിഴ്നാട്ടിൽ, 1.31 കോടി വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 5,000 രൂപ വീതം നിക്ഷേപിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിർണായക നീക്കം. ഡിഎംകെ കൊണ്ടുവന്ന ‘കലൈഞ്ജർ മഗളിർ ഉറിമൈ തുകൈ’ (KMUT) പദ്ധതി പ്രകാരമാണ് ഈ തുക കൈമാറിയത്.

പ്രതിമാസം 1,000 രൂപ വീതം നൽകുന്ന പദ്ധതിയുടെ ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലെ അഡ്വാൻസും വേനൽക്കാല പ്രത്യേക പാക്കേജും അടക്കമാണ് 5,000 രൂപ നൽകുന്നതെന്നും, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ പണം നൽകുന്നത് മുടങ്ങിയേക്കാം എന്നതിനാലാണ് ഇതെന്നും സ്റ്റാലിൻ പറഞ്ഞു. 65,500 കോടി രൂപയാണ് ഇതുവഴി വിതരണം ചെയ്തത്.

2023-ൽ ആരംഭിച്ച ഈ പദ്ധതി പ്രകാരം പ്രതിവർഷം 2.5 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള കുടുംബനാഥകളായ സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ വീതം ധനസഹായം നൽകി വരുന്നു. ഡിഎംകെ വീണ്ടും അധികാരത്തിൽ വന്നാൽ പ്രതിമാസ സഹായം 2,000 രൂപയായി വർദ്ധിപ്പിക്കുമെന്നും സ്റ്റാലിൻ വാഗ്ദാനം ചെയ്തു.

തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള “വോട്ട് വാങ്ങൽ” തന്ത്രമാണിതെന്ന് എഐഎഡിഎംകെയും ബിജെപിയും ആരോപിച്ചു. “തെരഞ്ഞെടുപ്പ് പരാജയഭീതിയാണ് മുഖ്യമന്ത്രിയെക്കൊണ്ട് ഇത് ചെയ്യിക്കുന്നത്. 2024-ലും 2025-ലും തമിഴ്നാട്ടിൽ വേനൽക്കാലം ഉണ്ടായിരുന്നില്ലേ?” – അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി (ഇപിഎസ്) പരിഹസിച്ചു.

പണം വാങ്ങി തങ്ങളുടെ ചിഹ്നമായ വിസിലിന് വോട്ട് ചെയ്യാൻ തമിഴക വെട്രി കഴകം (ടിവികെ) നേതാവും ചലച്ചിത്ര താരവുമായ വിജയ് ആഹ്വാനം ചെയ്തു. തങ്ങളുടെ പാർട്ടിയുടെ വളർച്ചയിൽ വിറളി പൂണ്ടാണ് സ്റ്റാലിൻ ഇത്തരമൊരു നീക്കം നടത്തിയതെന്നും ടിവികെ അവകാശപ്പെട്ടു.

സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നത് മറച്ചുവെക്കാനാണ് സ്റ്റാലിൻ പണം നൽകി ജനങ്ങളെ വശീകരിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി. കടക്കെണിയിലായ സംസ്ഥാനം കൂടുതൽ വായ്പയെടുത്ത് ഇത്തരത്തിൽ പണം വിതരണം ചെയ്യുന്നതിനെ പിഎംകെ, എഎംഎംകെ തുടങ്ങിയ പാർട്ടികളും വിമർശിച്ചു.

അതേസമയം, ഇത് സാർവത്രിക അടിസ്ഥാന വരുമാനം എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണെന്ന് സഖ്യകക്ഷിയായ കോൺഗ്രസ് വിശേഷിപ്പിച്ചു. സാധാരണക്കാരായ സ്ത്രീകളുടെ കയ്യിൽ പണമെത്തുന്നത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്ന് കാർത്തി ചിദംബരം എംപി പറഞ്ഞു.

Also read: