02/03/2026
[fontresizer_tawhidurrahmandear_widget]

അഹമ്മദാബാദ് വിമാനാപകടം: ‘കുറ്റാരോപണം നടത്തുന്നത് ശരിയല്ല’-പൈലറ്റിനെതിരെയുള്ള ഇറ്റാലിയൻ മാധ്യമ റിപ്പോർട്ട് തള്ളി ഇന്ത്യ

 അഹമ്മദാബാദ് വിമാനാപകടം: ‘കുറ്റാരോപണം നടത്തുന്നത് ശരിയല്ല’-പൈലറ്റിനെതിരെയുള്ള ഇറ്റാലിയൻ മാധ്യമ റിപ്പോർട്ട് തള്ളി ഇന്ത്യ

ന്യൂഡൽഹി: അഹമ്മദാബാദിലുണ്ടായ എയർ ഇന്ത്യ വിമാനാപകടം പൈലറ്റിന്റെ മനഃപൂർവമായ പ്രവൃത്തി മൂലമാണെന്ന ഇറ്റാലിയൻ മാധ്യമ റിപ്പോർട്ടുകൾ തള്ളി കേന്ദ്ര ഏജൻസിയായ എഎഐബി (AAIB). ഇറ്റാലിയൻ ദിനപത്രമായ ‘കൊറിയർ ഡെല്ല സെറ’ നൽകിയ വാർത്ത തെറ്റും കേവലം അനുമാനങ്ങൾ മാത്രവുമാണെന്ന് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ വ്യക്തമാക്കി.

അപകടത്തെക്കുറിച്ചുള്ള ഔദ്യോഗിക അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും അന്തിമ നിഗമനങ്ങളിൽ എത്തിയിട്ടില്ലെന്നും ഏജൻസി അറിയിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായുള്ള സാങ്കേതിക പരിശോധനകളാണ് നടക്കുന്നത്. ഇത്തരം അകാലത്തിലുള്ള ഊഹാപോഹങ്ങൾ പൊതുജനങ്ങളിൽ ഉത്കണ്ഠയുണ്ടാക്കുമെന്നും അന്വേഷണത്തിന്റെ നിഷ്പക്ഷതയെ ബാധിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

2025 ജൂണിൽ അഹമ്മദാബാദിൽ നിന്ന് പറന്നുയർന്ന ബോയിംഗ് 787 വിമാനം തകർന്നു വീണ് 260 പേർ മരിച്ചിരുന്നു. വിമാനത്തിന്റെ എഞ്ചിനിലേക്കുള്ള ഇന്ധന വിതരണം പൈലറ്റ് മനഃപൂർവ്വം വിച്ഛേദിച്ചതാണ് അപകടകാരണമെന്നും പൈലറ്റ് വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നുമാണ് ഇറ്റാലിയൻ പത്രം അവകാശപ്പെട്ടത്. എന്നാൽ, പ്രാഥമിക റിപ്പോർട്ടിലെ വസ്തുതകൾ മാത്രം വെച്ച് കുറ്റാരോപണം നടത്തുന്നത് ശരിയല്ലെന്ന് ഇന്ത്യ വ്യക്തമാക്കി. അന്വേഷണം പൂർത്തിയായാൽ മാത്രമേ നിഗമനങ്ങളും സുരക്ഷാ നിർദ്ദേശങ്ങളും അടങ്ങിയ അന്തിമ റിപ്പോർട്ട് പുറത്തുവിടുകയുള്ളൂ എന്ന് എഎഐബി ആവർത്തിച്ചു.

Also read: