പാചക സ്പ്രേ വില്ലനായി; ശ്വാസകോശം തകർന്ന യുഎസ് പൗരന് 226 കോടി രൂപ നഷ്ടപരിഹാരം
വാഷിങ്ടൺ: പ്രശസ്തമായ പാചക സ്പ്രേ (PAM Cooking Spray) ഉപയോഗിച്ചതിനെത്തുടർന്ന് മാരകമായ ശ്വാസകോശ രോഗം ബാധിച്ച അമേരിക്കൻ പൗരന് 226 കോടി രൂപ (25 മില്യൺ ഡോളർ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. 58 വയസ്സുകാരനായ റോളണ്ട് എസ്പാർസയ്ക്കാണ് ലോസ് ഏഞ്ചൽസ് സുപ്പീരിയർ കോടതി വൻ തുക അനുവദിച്ചത്. സ്പ്രേയിലെ ‘ഡയാസെറ്റൈൽ’ എന്ന ചേരുവയാണ് തനിക്ക് ‘പോപ്കോൺ ലങ്സ്’ എന്നറിയപ്പെടുന്ന ശ്വസനരോഗം വരുത്തിയതെന്ന് ഇദ്ദേഹം കോടതിയിൽ വാദിച്ചു.
ആരോഗ്യകാര്യത്തിൽ അതീവ ശ്രദ്ധാലുവും ബോഡി ബിൽഡറുമായിരുന്ന എസ്പാർസ, പാചകം എളുപ്പമാക്കാൻ 1990 മുതൽ ഈ ബട്ടർ സ്പ്രേ സ്ഥിരമായി ഉപയോഗിച്ചിരുന്നു. എന്നാൽ സ്പ്രേ ചെയ്യുമ്പോൾ പുറത്തുവരുന്ന പുക ശ്വസിക്കുന്നത് അപകടകരമാണെന്ന് മുന്നറിയിപ്പ് നൽകുന്നതിൽ നിർമ്മാതാക്കളായ കൊനാഗ്ര (Conagra) പരാജയപ്പെട്ടുവെന്ന് കോടതി കണ്ടെത്തി.
2009ൽ തന്നെ ഈ ചേരുവ ഒഴിവാക്കിയതായും തങ്ങളുടെ ഉൽപ്പന്നം സുരക്ഷിതമാണെന്നും കമ്പനി വാദിച്ചെങ്കിലും ജൂറി അത് തള്ളി. നിലവിൽ ഇരട്ട ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ട അവസ്ഥയിലാണ് എസ്പാർസ. വിധിയിൽ നിരാശ പ്രകടിപ്പിച്ച കമ്പനി, ഇതിനെതിരെ നിയമപോരാട്ടം തുടരുമെന്ന് അറിയിച്ചു. വിപണിയിൽ ലഭ്യമായ ഉൽപ്പന്നങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് വിധി തുടക്കമിട്ടിട്ടുണ്ട്.