വീടിന്റെ തറയ്ക്കടിയിൽ കുഴിച്ചിട്ട നിലയിൽ അസ്ഥികൂടം; ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം
തൃശ്ശൂർ: എരുമപ്പെട്ടി നെല്ലിക്കുന്നിൽ ആൾതാമസമില്ലാത്ത വീടിന്റെ തറയ്ക്കടിയിൽ കുഴിച്ചിട്ട നിലയിൽ അസ്ഥികൂടം കണ്ടെത്തി. പാടശേഖരത്തിന് സമീപത്തെ വീടിന്റെ പിറകിലെ ചായ്പ്പിന്റെ നിലം പൊളിക്കുന്നതിനിടെയാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. തുണിയുടെയും പായയുടെയും അവശിഷ്ടങ്ങളും അസ്ഥികൂടത്തിനൊപ്പമുണ്ടായിരുന്നു. സംഭവത്തിൽ എരുമപ്പെട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മൂന്ന് വർഷം മുമ്പ് വരെ ഈ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളികളെയും ഒരു കുടുംബത്തെയുമാണ് പോലീസ് പ്രധാനമായും സംശയിക്കുന്നത്. നിലവിൽ വീട് കൈമാറ്റം ചെയ്യപ്പെടുകയും അറ്റകുറ്റപ്പണികൾ നടന്നു വരികയുമാണ്. ഇന്നലെ വൈകീട്ടോടെയാണ് നിർമ്മാണത്തൊഴിലാളികൾ അസ്ഥികൂടം കണ്ടത്.
കുന്നംകുളം എ.സി.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അസ്ഥികൂടത്തിന് എത്ര കാലത്തെ പഴക്കമുണ്ടെന്ന് കണ്ടെത്തിയാൽ മാത്രമേ കൊലപാതകമാണോ എന്ന കാര്യത്തിൽ വ്യക്തത ലഭിക്കൂ. കാണാതായവരുടെ പട്ടിക പരിശോധിക്കുന്നതിനൊപ്പം മുമ്പ് ഇവിടെ താമസിച്ചിരുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഫോറൻസിക് പരിശോധനാ ഫലം വന്നാലുടൻ അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കുമെന്ന് പോലീസ് അറിയിച്ചു.