സാമ്പത്തിക തട്ടിപ്പ്: നിർമാതാവിന്റെ പരാതിയിൽ ‘അഭിലാഷം’ സിനിമയുടെ സംവിധായകൻ ശംസുദ്ദീൻ അറസ്റ്റിൽ
കൊച്ചി: ‘അഭിലാഷം’ സിനിമയുടെ സംവിധായകൻ ശംസുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. നിർമാതാവ് ആൻ സരിഗ ആന്റണി നൽകിയ സാമ്പത്തിക തട്ടിപ്പ് പരാതിയിൽ തൃപ്പൂണിത്തുറ പൊലീസാണ് നടപടിയെടുത്തത്. സിനിമയുടെ ബജറ്റുമായി ബന്ധപ്പെട്ട് നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചും അനാവശ്യ കാലതാമസം വരുത്തിയും ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കി എന്നാണ് പരാതി.
2.25 കോടി രൂപയ്ക്ക് സിനിമ പൂർത്തിയാക്കാം എന്ന് കരാറുണ്ടാക്കിയ ശേഷം, ഷൂട്ടിങ് പുരോഗമിക്കവേ ചെലവ് 3.25 കോടിയായി ഉയർത്തിയെന്ന് നിർമാതാവ് ആരോപിക്കുന്നു. ശംസുദ്ദീന് പുറമെ സിനിമയുമായി ബന്ധപ്പെട്ട മറ്റ് അഞ്ച് പേർ കൂടി കേസിൽ പ്രതികളാണ്. നേരത്തെ, പ്രതിഫല തർക്കത്തെ തുടർന്ന് ചിത്രത്തിന്റെ ഛായാഗ്രാഹകൻ ഫെഫ്കയിൽ പരാതി നൽകിയിരുന്നു. എന്നാൽ റിലീസിന് ശേഷം തുക നൽകാമെന്ന ഉറപ്പിൽ വിഷയം ഒത്തുതീർപ്പാക്കുകയായിരുന്നു.
അതേസമയം, അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമാണെന്ന് അണിയറ പ്രവർത്തകർ ആരോപിച്ചു. നിർമാതാവിന്റെ പരാതി വ്യാജമാണെന്നും ഇൻവെസ്റ്റർമാർക്ക് പണം തിരികെ നൽകാതിരിക്കാനാണ് ഇത്തരമൊരു നീക്കമെന്നും ഇവർ പറയുന്നു. സൈജു കുറുപ്പ്, തൻവീറാം തുടങ്ങിയ താരങ്ങൾക്ക് പോലും പ്രതിഫലം നൽകിയിട്ടില്ലെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി.