ഗൗതം അദാനിക്കെതിരായ 265 മില്യൺ ഡോളറിൻ്റെ തട്ടിപ്പുക്കേസ്; യുഎസ് ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്
വാഷിങ്ടൺ: ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസുകൾ പിൻവലിക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്. ഈ ആഴ്‌ച തന്നെ യു.എസ് നീതിന്യായ വകുപ്പ് അദാനി ഉൾപ്പെടെയുള്ളവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ പിൻവലിച്ചേക്കുമെന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതിനൊപ്പം 2024-ൽ അദാനിക്കെതിരെ യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ ചുമത്തിയ സിവിൽ കേസും ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലെ ഏറ്റവും വലിയ സൗരോർജ പദ്ധതിക്കായി ഇന്ത്യയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് 265 മില്യൺ ഡോളർ കൈക്കൂലി നൽകിയെന്നും, ഇതുമറച്ചുവെച്ച് ഈ പദ്ധതിയുടെ പേരിൽ യു.എസിലെ നിക്ഷേപകരെയടക്കം കബളിപ്പിച്ചെന്നുമായിരുന്നു കേസ്. ഗൗതം അദാനി, ബന്ധുവായ സാഗർ അദാനി, അദാനി ഗ്രീൻ എനർജി മുൻ സി.ഇ.ഒ വിനീത് ജെയ്ൻ എന്നിവരടക്കമുള്ളവർ ഇതിനായി മൂന്ന് ബില്യൺ ഡോളറിലധികം വായ്‌പകളിലൂടെയും ബോണ്ടുകളിലൂടെയും സമാഹരിച്ചതായും കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു.
എന്നാൽ അദാനി ഗ്രൂപ്പ് ഈ കുറ്റപത്രത്തിലെ ആരോപണങ്ങളെല്ലാം നിരന്തരം നിഷേധിക്കുകയാണുണ്ടായത്. അദാനിയും സാഗറും ഉൾപ്പെടെയുള്ള പ്രതികളാരും ഇതുവരെ കുറ്റാരോപണങ്ങളുമായി ബന്ധപ്പെട്ട് കോടതിയിൽ നേരിട്ട് ഹാജരായിട്ടില്ല. ഇതോടെ കേസിലെ തുടർനടപടികൾ സ്‌തംഭിച്ച അവസ്ഥയിലായിരുന്നു. അതേസമയം, ഈ കേസുകൾ അവസാനിപ്പിക്കാനുള്ള നീക്കം അദാനി ഗ്രൂപ്പിന് വലിയ രീതിയിൽ നേട്ടമായി മാറും. അന്താരാഷ്ട്ര മൂലധന വിപണികളിലേക്ക് ശക്തമായി മടങ്ങിവരുന്നതിനും ഇത് ഗ്രൂപ്പിന് സഹായകരമാകുമെന്നാണ് സാമ്പത്തിക രംഗത്തെ വിലയിരുത്തലുകൾ.