‘പ്രണയം നടിച്ച് 65 ലക്ഷം തട്ടി, നഗ്‌നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി’; ഷിയാസ് കരീമിനെതിരെ പരാതി
കൊച്ചി: റിയാലിറ്റി ഷോ താരം ഷിയാസ് കരീമിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി പ്രവാസി യുവതി രംഗത്ത്. പ്രണയം നടിച്ച് തന്നിൽ നിന്ന് 65 ലക്ഷം രൂപ തട്ടിയെടുത്തതായും, പണം തിരികെ ചോദിച്ചപ്പോൾ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു. അഭിഭാഷകൻ മുഖേന പാലാരിവട്ടം പോലീസിലാണ് പരാതി നൽകിയിരിക്കുന്നത്.
ജിം നവീകരണത്തിനെന്ന പേരിൽ പലപ്പോഴായി തന്നിൽ നിന്നും വൻ തുക ഷിയാസ് കൈപ്പറ്റിയതായി യുവതി പറയുന്നു. എന്നാൽ പിന്നീട് പണം തിരികെ ആവശ്യപ്പെട്ടപ്പോൾ നഗ്നദൃശ്യങ്ങൾ പോൺ സൈറ്റുകൾക്ക് നൽകുമെന്ന് ഭീഷണിപ്പെടുത്തി മാനസികമായി തളർത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, വോയിസ് റെക്കോർഡുകൾ, ഇൻസ്റ്റഗ്രാം പോസ്റ്റുകൾ എന്നിവയുൾപ്പെടെയുള്ള തെളിവുകൾ യുവതി പോലീസിന് കൈമാറിയിട്ടുണ്ട്.
മുൻപും സമാനമായ രീതിയിൽ ഷിയാസ് കരീമിനെതിരെ പീഡന പരാതികൾ ഉയർന്നിരുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും കാണിച്ച് കാസർകോട് സ്വദേശിനിയായ ജിം ട്രെയിനർ നേരത്തെ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും സാമ്പത്തിക തട്ടിപ്പും ഭീഷണിപ്പെടുത്തലും ആരോപിച്ചുള്ള പുതിയ പരാതി ഉയർന്നിരിക്കുന്നത്.