മധ്യപ്രദേശിൽ 21 കോടിയുടെ ക്രിപ്റ്റോ തട്ടിപ്പിന്റെ ഭാഗമായി കേരളത്തിലെ യുവാക്കളും? 12,000 മ്യൂൾ അക്കൗണ്ടുകൾ വഴി പണമാക്കി മാറ്റി
തിരുവനന്തപുരം: വാട്ട്സ്ആപ്പ് സന്ദേശത്തിൽ തുടങ്ങി എഴുപതുകാരനിൽ നിന്ന് ക്രിപ്റ്റോ കറൻസി തട്ടിപ്പിലൂടെ തട്ടിയെടുത്ത 21 കോടിരൂപയിലധികം പണമാക്കി പുറത്തെടുത്തതിൽ കേരളത്തിലെ യുവാക്കൾക്കും പങ്കുണ്ടെന്ന് റിപ്പോർട്ട്. സംസ്ഥാനത്ത് മ്യൂൾ അക്കൗണ്ടുകളും ഹവാല ഇടപാടുകളും ചർച്ചയായാരിക്കുന്ന സമയത്താണ് ഈ വാർത്ത പുറത്ത് വന്നിരിക്കുന്നത്. മധ്യപ്രദേശിലെ ഗ്വാളിയോറിലെ എഴുപതുകാരനായ സീനിയർ ചാർട്ടേർഡ് അക്കൗണ്ടന്റായ അശോക് വിജയവർഗിയക്കാണ് ഇത്രയും വലിയ തുക നഷ്ടമായത്. യുഎസ്ഡിടി ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ചാൽ വലിയ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ചാണ് ഏഴ് മാസത്തോളം നീണ്ടുനിന്ന വലിയൊരു കെണിയിലേക്ക് പ്രതികൾ ഇദ്ദേഹത്തെ വീഴ്ത്തിയത്.
പോലീസ് അന്വേഷണത്തിൽ ഇദ്ദേഹത്തിൽ നിന്ന് തട്ടിയെടുത്ത 21,05,92,000 രൂപ രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ബാങ്ക് അക്കൗണ്ടുകളിലൂടെ ഇരുപതിനായിരത്തിലധികം ഇടപാടുകളായാണ് തട്ടിപ്പുകാർ മാറ്റിയതെന്ന് പോലീസ് കണ്ടെത്തി. പണം ആദ്യം എത്തിയ 77 ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പിന്നീട് 493 അക്കൗണ്ടുകളിലേക്കും, അവിടെ നിന്ന് പന്ത്രണ്ടായിരത്തിലധികം മറ്റ് അക്കൗണ്ടുകളിലേക്കും ഘട്ടം ഘട്ടമായി പണം മാറ്റി വിതരണം ചെയ്യുകയായിരുന്നു. കേരളം, കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഗുജറാത്ത് ഉൾപ്പെടെ പന്ത്രണ്ടോളം സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് ഈ തുക കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്.
കമ്മിഷൻ തുകയ്ക്ക് വേണ്ടി സ്വന്തം അക്കൗണ്ടുകൾ കുറ്റവാളികൾക്ക് വിട്ടുനൽകുന്നവരിലൂടെയും വ്യാജ കമ്പനികളുടെ പേരിലുള്ള അക്കൗണ്ടുകളും ഇതിനായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. എ.ടി.എമ്മുകൾ വഴിയും ഓൺലൈൻ ഷോപ്പിംഗ് വൗച്ചറുകളായും ഭൂരിഭാഗം പണവും ഇതിനോടകം പിൻവലിക്കപ്പെട്ടിട്ടുണ്ട്. നിലവിൽ സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് രണ്ട് കോടിയോളം രൂപ മരവിപ്പിച്ചിട്ടുണ്ടെങ്കിലും ബാക്കി തുക കണ്ടെത്താനും ഒളിവിൽ കഴിയുന്ന പ്രതികളെ പിടികൂടാനുമുള്ള ശ്രമങ്ങൾ ഊർജിതമായി തുടരുകയാണ്.
2025 ഡിസംബറിലാണ് ഒരു ഇന്ത്യൻ നമ്പറിൽ നിന്ന് ദിവ്യ എന്ന് പരിചയപ്പെടുത്തിയ യുവതിയുടെ സന്ദേശം ഇദ്ദേഹത്തിന് ലഭിക്കുന്നത്. തുടർന്ന് യു.എസ് കോഡുള്ള മറ്റൊരു നമ്പറിലൂടെ ഇവർ ആശയവിനിമയം തുടരുകയും ക്രിപ്റ്റോ ട്രേഡിങ്ങിലൂടെ വലിയ ലാഭം വാഗ്ദാനം ചെയ്യുകയും ചെയ്തു. തുടക്കത്തിൽ ഇദ്ദേഹം ചെറിയ തുകകൾ നിക്ഷേപിച്ചപ്പോൾ ലാഭവിഹിതമായി 1.88 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ നൽകി തട്ടിപ്പുകാർ ഇദ്ദേഹത്തിന്റെ വിശ്വാസം നേടിയെടുത്തു. ഇതോടെ വലിയ തുകകൾ നിക്ഷേപിക്കാൻ തുടങ്ങിയ ഇദ്ദേഹത്തിന് പിന്നീട് പണം തിരികെ ലഭിക്കാതാവുകയായിരുന്നു.