07/03/2026
[fontresizer_tawhidurrahmandear_widget]

7 രൂപയ്ക്ക് രക്തപരിശോധന, 25 രൂപയ്ക്ക് ഇസിജി! ഖാൻ സാറിന്റെ ആശുപത്രിയിൽ മെഡിക്കൽ ബില്ലുകൾ കണ്ട് പേടിക്കണ്ട

 7 രൂപയ്ക്ക് രക്തപരിശോധന, 25 രൂപയ്ക്ക് ഇസിജി! ഖാൻ സാറിന്റെ ആശുപത്രിയിൽ മെഡിക്കൽ ബില്ലുകൾ കണ്ട് പേടിക്കണ്ട

പട്‌ന: സാധാരണക്കാർക്ക് താങ്ങാനാവുന്ന ആരോഗ്യപരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രശസ്ത അധ്യാപകൻ ഖാൻ സർ പട്‌നയിൽ ആരംഭിച്ച ആശുപത്രി ശ്രദ്ധേയമാകുന്നു. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ആശുപത്രിയിൽ വെറും 7 രൂപയ്ക്ക് രക്തപരിശോധനയും 25 രൂപയ്ക്ക് ഇസിജിയും ലഭ്യമാണ്. ആരോഗ്യസേവനങ്ങൾ എല്ലാവർക്കും പ്രാപ്യമാകണമെന്ന തന്റെ അമ്മയുടെ ആഗ്രഹമാണ് ഇത്തരമൊരു സംരംഭത്തിന് പിന്നിലെന്ന് ഖാൻ സർ പറഞ്ഞു.

സർക്കാർ ആശുപത്രികളേക്കാൾ കുറഞ്ഞ നിരക്കിൽ മികച്ച ചികിത്സ ഉറപ്പാക്കുക എന്നതാണ് ആശുപത്രിയുടെ പ്രത്യേകത. അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ ഡയാലിസിസ് യൂണിറ്റ് നിലവിൽ ഇവിടെ പ്രവർത്തനക്ഷമമാണ്. വരും ദിവസങ്ങളിൽ സ്വന്തമായി ബ്ലഡ് ബാങ്കും കാൻസർ ചികിത്സാ വിഭാഗവും ആരംഭിക്കാനാണ് പദ്ധതി.

സാധാരണ ആശുപത്രികളിൽ കണ്ടുവരുന്ന ടൈലുകൾക്ക് പകരം അണുബാധ തടയുന്ന പ്രത്യേക മെഡിക്കൽ ഗ്രേഡ് ആന്റിഇൻഫെക്ഷൻ മാറ്റുകളാണ് ഓപ്പറേഷൻ തിയേറ്ററുകളിൽ ഉപയോഗിച്ചിരിക്കുന്നത്. ടൈലുകൾക്കിടയിലെ വിടവുകളിൽ ബാക്ടീരിയകളും ഫംഗസുകളും വളരാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത്തരമൊരു മാറ്റം വരുത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

ലളിതമായ അധ്യാപന ശൈലിയിലൂടെ ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ പ്രിയങ്കരനായ ഖാൻ സർ, വിദ്യാഭ്യാസത്തിന് പിന്നാലെ ആരോഗ്യരംഗത്തും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ചികിത്സാ ചിലവ് ഭയന്ന് പരിശോധനകൾ മാറ്റിവെക്കുന്ന സാധാരണക്കാർക്ക് വലിയൊരു ആശ്വാസമാവുകയാണ് പട്‌നയിലെ ഈ ആശുപത്രി.

Also read: