06/09/2026
[fontresizer_tawhidurrahmandear_widget]

കോഴിക്കോട്ട് വൻ ലഹരിവേട്ട: ‘ഡോൺ’ ഇർഫാനും ഭാര്യയും പിടിയിൽ; കുടുക്കിയത് ‘കുമാരി’ അരുൺ നൽകിയ സൂചന

 കോഴിക്കോട്ട് വൻ ലഹരിവേട്ട: ‘ഡോൺ’ ഇർഫാനും ഭാര്യയും പിടിയിൽ; കുടുക്കിയത് ‘കുമാരി’ അരുൺ നൽകിയ സൂചന

കോഴിക്കോട്: നഗരത്തിലെ ലഹരിമരുന്ന് വിതരണ ശൃംഖലയിലെ പ്രധാനികളായ ദമ്പതികളെ സിറ്റി ഡാൻസാഫ് സംഘവും മെഡിക്കൽ കോളേജ് പോലീസും ചേർന്ന് പിടികൂടി. നടുവട്ടം സ്വദേശി മുഹമ്മദ് ഇർഫാൻ, ഭാര്യ ടി.സി. നിർഫാന എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 200 ഗ്രാം എംഡിഎംഎയുമായി പിടിയിലായ ‘കുമാരി’ എന്ന് വിളിക്കപ്പെടുന്ന അരുണിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇവരെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്.

ലഹരി ഇടപാടുകാർക്കിടയിൽ ‘ഡോൺ’ എന്നറിയപ്പെടുന്ന ഇർഫാൻ, അതീവ ജാഗ്രതയോടെയാണ് വിൽപന നടത്തിയിരുന്നത്. പോലീസിനെ വെട്ടിക്കാൻ രാത്രികാലങ്ങളിൽ മാത്രം പുറത്തിറങ്ങുന്ന ഇയാൾ, പരിശോധനകൾ ഒഴിവാക്കാൻ ഭാര്യയെയും കൂടെക്കൂട്ടാറുണ്ടായിരുന്നു. പണമിടപാടുകൾ മുഴുവൻ നിർഫാനയുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് നടത്തിയിരുന്നത്. പകൽ സമയങ്ങളിൽ ബ്യൂട്ടീഷനായി ജോലി ചെയ്തിരുന്ന നിർഫാനയും ലഹരി ശൃംഖലയിലെ സജീവ പങ്കാളിയാണെന്ന് പോലീസ് കണ്ടെത്തി.

പിടിക്കപ്പെടാതിരിക്കാൻ പത്തോളം മൊബൈൽ നമ്പറുകളും വ്യാജ തിരിച്ചറിയൽ രേഖകളും ആറോളം വാഹനങ്ങളും ഇവർ മാറി മാറി ഉപയോഗിച്ചിരുന്നു. കല്ലായിയിലെ ഒരു ഷൂ കടയുടെ മറവിലും ലഹരി കച്ചവടം നടന്നതായി സൂചനയുണ്ട്. നേരത്തെ 2025ൽ തൊണ്ടയാട് വെച്ച് എംഡിഎംഎയുമായി പിടിയിലായ കേസിലും ഇവർ പ്രതികളാണ്. ഇർഫാന്റെ സഹോദരങ്ങൾക്കെതിരെയും സമാനമായ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.

Also read: