ഫ്രാങ്ക്ഫർട്ട് തെരുവുകളിൽ വീണ്ടും റമദാൻ ദീപാലങ്കാരങ്ങൾ തെളിച്ചു; വ്രതമാസത്തെ വരവേറ്റ് ജർമനി
ഫ്രാങ്ക്ഫർട്ട്: വിശുദ്ധ റമദാൻ മാസത്തിന്റെ വരവറിയിച്ച് ജർമൻ നഗരമായ ഫ്രാങ്ക്ഫർട്ടിലെ തെരുവുകളിൽ ദീപാലങ്കാരങ്ങൾ തെളിഞ്ഞു. നഗരമധ്യത്തിലെ തിരക്കേറിയ കാൽനടയാത്രക്കാർക്കുള്ള തെരുവിലാണ് ചന്ദ്രക്കലകളും നക്ഷത്രങ്ങളും വർണവിളക്കുകളും ഉപയോഗിച്ച് മനോഹരമായ അലങ്കാരങ്ങൾ ഒരുക്കിയിരിക്കുന്നത്.
തെരുവിനു കുറുകെ ‘ഹാപ്പി റമദാൻ’ എന്ന വലിയ ബോർഡുകളും അതിനു ചുറ്റും തിളങ്ങുന്ന നക്ഷത്രങ്ങളും വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. ദീപാലങ്കാരങ്ങൾ കാണാനായി നൂറുകണക്കിന് ആളുകളാണ് നഗരമധ്യത്തിൽ ഒത്തുകൂടിയത്. ഇതിന്റെ വീഡിയോകൾ വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിക്കഴിഞ്ഞു.
2024-ലാണ് ഫ്രാങ്ക്ഫർട്ട് നഗരം ആദ്യമായി ഇത്തരത്തിൽ ഔദ്യോഗികമായി റമദാൻ വിളക്കുകൾ തെളിയിക്കാൻ തീരുമാനിച്ചത്. ജർമനിയിൽ ഇത്തരമൊരു സംരംഭം നടപ്പിലാക്കുന്ന ആദ്യ നഗരമായിരുന്നു ഫ്രാങ്ക്ഫർട്ട്.
നഗരത്തിലെ വൈവിധ്യങ്ങളെ അംഗീകരിക്കാനും വംശീയമായ മുൻവിധികൾക്കെതിരെ സമാധാനപരമായ സഹവർത്തിത്വം പ്രോത്സാഹിപ്പിക്കാനുമാണ് ഈ നീക്കമെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി. ഫ്രാങ്ക്ഫർട്ടിലെ ജനസംഖ്യയിൽ 15 ശതമാനത്തോളം മുസ്‌ലിം വിഭാഗക്കാരാണ്. ലണ്ടൻ പോലുള്ള നഗരങ്ങൾ മുൻപ് നടപ്പാക്കിയ മാതൃക പിന്തുടർന്നാണ് ഫ്രാങ്ക്ഫർട്ടും ഈ പാത സ്വീകരിച്ചത്.
ക്രിസ്മസ് കാലത്തെ ദീപാലങ്കാരങ്ങൾക്ക് സമാനമായ രീതിയിൽ റമദാൻ കാലത്തും നഗരം തിളങ്ങുന്നത് മുസ്ലിം സമൂഹത്തിന് വലിയ അംഗീകാരമായാണ് കാണപ്പെടുന്നത്. വ്രതാനുഷ്ഠാനത്തിന്റെ ഒരു മാസം മുഴുവൻ ഈ ദീപാലങ്കാരങ്ങൾ നഗരത്തിന് മാറ്റുകൂട്ടും.