‘ഡൽഹിയിൽ ഉടൻ തെരഞ്ഞെടുപ്പ് നടത്തൂ; ബിജെപി 10 സീറ്റ് നേടിയാൽ രാഷ്ട്രീയം വിടും’-വെല്ലുവിളിയുമായി അരവിന്ദ് കെജ്രിവാൾ
അരവിന്ദ് കെജ്രിവാള്‍
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വെല്ലുവിളിച്ച് അരവിന്ദ് കെജ്രിവാൾ. ഡൽഹിയിൽ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ് നടത്താൻ ധൈര്യമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പിൽ ബിജെപി 10-ലധികം സീറ്റുകൾ നേടിയാൽ താൻ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും ആം ആദ്മി പാർട്ടി നേതാവ് പ്രഖ്യാപിച്ചു.
ഡൽഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കേസിൽ കെജ്രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ഡൽഹിയിലെ റൂസ് അവന്യൂ കോടതി വെള്ളിയാഴ്ച കുറ്റവിമുക്തരാക്കിയിരുന്നു. സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ വിശ്വസനീയമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ഉത്തരവിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് കെജ്രിവാൾ ബിജെപിക്കെതിരെ ആഞ്ഞടിച്ചത്.
‘ഇന്ന് ഞാൻ മോദിയെ വെല്ലുവിളിക്കുന്നു. ധൈര്യമുണ്ടെങ്കിൽ ഡൽഹിയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തൂ. ബിജെപിക്ക് 10-ൽ കൂടുതൽ സീറ്റുകൾ ലഭിച്ചാൽ ഞാൻ രാഷ്ട്രീയം ഉപേക്ഷിക്കാം. ഡൽഹിയിലെ ജനങ്ങൾക്ക് നിങ്ങളെക്കൊണ്ട് മടുത്തിരിക്കുന്നു.’-കെജ്രിവാൾ വിമർശിച്ചു.
ആം ആദ്മി പാർട്ടിയെ തകർക്കാൻ നരേന്ദ്ര മോദിയും അമിത് ഷായും ചേർന്ന് നടത്തിയ വലിയ രാഷ്ട്രീയ ഗൂഢാലോചനയാണിതെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തോടും ആം ആദ്മി പാർട്ടിയോടും അവർ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാല് വർഷമായി അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് തന്നെ വേട്ടയാടുകയായിരുന്നു. ഒരു തരിമ്പ് തെളിവുപോലും ഹാജരാക്കാൻ അവർക്ക് കഴിഞ്ഞില്ലെന്നും 600 പേജുള്ള കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
2025 ഫെബ്രുവരിയിൽ നടന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ 70-ൽ 48 സീറ്റുകൾ നേടി ബിജെപി അധികാരത്തിൽ വന്നിരുന്നു. അന്ന് ആം ആദ്മി പാർട്ടിക്ക് 22 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. മദ്യനയ കേസിനെത്തുടർന്ന് കെജ്രിവാളും സംഘവും നേരിട്ട ആരോപണങ്ങൾ അന്ന് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചിരുന്നു. എന്നാൽ, ഇപ്പോൾ കോടതിയിൽനിന്ന് ക്ലീൻ ചിറ്റ് ലഭിച്ചതോടെ രാഷ്ട്രീയമായി തിരിച്ചടിക്കാനൊരുങ്ങുകയാണ് എഎപി.
അതേസമയം, വിചാരണ കോടതി വിധിക്കെതിരെ സിബിഐ ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. നീതി നടപ്പാകുമെന്നും സത്യം വിജയിക്കുമെന്നുമാണ് കെജ്രിവാളിന്റെ പ്രതികരണം.