‘സാത്താൻ സേവയോ?’; ശവക്കല്ലറയ്ക്ക് മുകളിൽ ലഹരി ഉപയോഗവും റീൽസും, യുവാക്കൾക്കെതിരെ കേസ്
ആലപ്പുഴ: പള്ളി സെമിത്തേരിയിൽ അതിക്രമിച്ചുകയറി ശവക്കല്ലറകൾക്ക് മുകളിലിരുന്ന് ലഹരിമരുന്ന് ഉപയോഗിക്കുകയും പ്രകോപനപരമായ രീതിയിൽ റീൽസ് ചിത്രീകരിക്കുകയും ചെയ്ത നാല് യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു. ആലപ്പുഴ പൂന്തോപ്പ് സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെ സിനിമാ സ്റ്റൈൽ അതിക്രമം നടന്നത്.
സെമിത്തേരിയുടെ മതിൽ ചാടിക്കടന്ന യുവാക്കൾ കല്ലറകൾക്ക് മുകളിലിരുന്ന് ലഹരി വസ്തുക്കൾ ഉപയോഗിക്കുകയും പാട്ടുപാടി നൃത്തം ചെയ്യുകയുമായിരുന്നു. കറുത്ത വസ്ത്രങ്ങൾ ധരിച്ചെത്തിയ സംഘം കുരിശ് തലകീഴായി പിടിച്ചാണ് ഇൻസ്റ്റാഗ്രാം റീൽസ് ചിത്രീകരിച്ചത്. ഇത് ‘സാത്താൻ സേവ’ നടത്തുന്ന സംഘമാണോ എന്ന സംശയവും നാട്ടുകാർക്കിടയിൽ ഉയർന്നിട്ടുണ്ട്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് വിശ്വാസികൾക്കിടയിൽ ഉണ്ടായത്.
പള്ളി അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മതസ്പർദ്ധ വളർത്താൻ ശ്രമിച്ചു, അതിക്രമിച്ചു കയറി തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ആലപ്പുഴ നോർത്ത് പോലീസാണ് കേസെടുത്തത്. ലഹരി മാഫിയയും സമൂഹമാധ്യമങ്ങളിലെ ലൈക്കിന് വേണ്ടിയുള്ള ഇത്തരം പ്രവണതകളും നാടിന്റെ സമാധാനത്തിന് വെല്ലുവിളിയാകുന്നു എന്ന ആശങ്കയിലാണ് നാട്ടുകാർ.