02/03/2026
[fontresizer_tawhidurrahmandear_widget]

കെഎസ്‍യു പ്രവർത്തകർ പ്രതിഷേധിച്ചത് പുലി പതുങ്ങിയിരുന്ന് ആക്രമിക്കുന്നത് പോലെ, എന്റെ ദേഹം നൊന്തു: മന്ത്രി വീണാ ജോർജ്

 കെഎസ്‍യു പ്രവർത്തകർ പ്രതിഷേധിച്ചത് പുലി പതുങ്ങിയിരുന്ന് ആക്രമിക്കുന്നത് പോലെ, എന്റെ ദേഹം നൊന്തു: മന്ത്രി വീണാ ജോർജ്

കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു പ്രവർത്തകർ തനിക്കെതിരെ നടത്തിയത് ജനാധിപത്യപരമായ പ്രതിഷേധമല്ലെന്നും, മുൻകൂട്ടി നിശ്ചയിച്ച ആക്രമണമാണെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ്. പുലി പതുങ്ങിയിരുന്ന് നടത്തുന്ന ആക്രമണം പോലെയായിരുന്നു പ്രതിഷേധമെന്നും അവർ പറഞ്ഞു. അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനും മറ്റ് ഔദ്യോഗിക പരിപാടികൾക്കുമായി കണ്ണൂരിലെത്തിയപ്പോഴായിരുന്നു തുടർച്ചയായ പ്രതിഷേധങ്ങൾ നേരിടേണ്ടി വന്നതെന്നും ഒരു മലയാളം മാധ്യമത്തോട് അവർ പ്രതികരിച്ചു.

”രാവിലെ തലശ്ശേരിയിൽ നിന്ന് മട്ടന്നൂരിലേക്ക് പോകുമ്പോൾ തന്നെ കരിങ്കൊടി പ്രതിഷേധം തുടങ്ങിയിരുന്നു. റോഡ് സൈഡിൽ നിന്ന് കരിങ്കൊടി കാണിക്കുന്നത് ജനാധിപത്യപരമായ അവകാശമാണ്. എന്നാൽ, ഇരിക്കൂർ കഴിഞ്ഞപ്പോൾ പ്രതിഷേധക്കാർ കാറിന്റെ ഗ്ലാസിൽ അടിച്ചു. പിന്നീട് പുഴാതിയിൽ വെച്ച് ട്രാഫിക് ബ്ലോക്കിനിടെ പന്ത്രണ്ടോളം പേർ ചേർന്ന് മന്ത്രിയുടെ വാഹനം തടയുകയും ഔദ്യോഗിക വാഹനത്തിലെ ഫ്‌ലാഗ് പോസ്റ്റ് ഒടിക്കാൻ ശ്രമിക്കുകയും ചെയ്തു.”

വന്ദേ ഭാരത് എക്‌സ്പ്രസിൽ കയറാൻ സ്റ്റേഷനിലെത്തിയപ്പോൾ പ്ലാറ്റ്ഫോം ടിക്കറ്റ് കൗണ്ടറിന് സമീപം പ്രതിഷേധക്കാർ ഒളിഞ്ഞിരുന്ന് മുന്നിലേക്ക് ചാടി വീഴുകയായിരുന്നു. ഇരയെ കാണുമ്പോൾ പുലി പതുങ്ങിയിരുന്ന് ആക്രമിക്കുന്നത് പോലെയായിരുന്നു അത്. പ്രതിഷേധം ചിത്രീകരിക്കാൻ പ്രത്യേകമായി ആളുകളെയും ക്യാമറകളെയും സജ്ജമാക്കിയിരുന്നു. ആദ്യം ഒരാൾ കരിങ്കൊടിയുമായി വന്നപ്പോൾ പോലീസിന്റെ ശ്രദ്ധ അങ്ങോട്ട് മാറി. ആ സമയം നോക്കി രണ്ടാമത്തെയാൾ സുരക്ഷാ വലയത്തിനുള്ളിലേക്ക് കുതിച്ചെത്തി. ഒരു ജനപ്രതിനിധിയും സ്ത്രീയുമാണെന്ന പരിഗണനയില്ലാതെയായിരുന്നു ഈ പാഞ്ഞടുക്കലെന്നും വീണാ ജോർജ് പറഞ്ഞു.

പ്രതിഷേധത്തിനിടയിലുണ്ടായ പിടിവലിയിൽ തനിക്ക് ശാരീരികമായി വേദന അനുഭവപ്പെട്ടുവെന്ന് മന്ത്രി വ്യക്തമാക്കി. വനിതാ പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം നടന്നുപോകുമ്പോഴാണ് പ്രതിഷേധക്കാർ അടുത്തേക്ക് എത്തിയത്. ദൃശ്യങ്ങളിൽ താൻ ചിരിച്ചുകൊണ്ടാണ് പോകുന്നതെങ്കിലും കൃത്യമായ പ്ലാനിങ്ങോടെ ശരീരത്തിൽ നൊമ്പരമുണ്ടാക്കുന്ന രീതിയിലുള്ള ആക്രമണമാണ് നടന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Also read: