ബുമ്രയെ ‘ഫുട്ബോളർ’ എന്ന് വിളിച്ച് രാം ചരൺ; ട്രോളുകൾക്ക് പിന്നാലെ ക്ഷമാപണവുമായി താരം
ഹൈദരാബാദ്: തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടിക്കിടെ ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയെ ഫുട്ബോൾ താരം എന്ന് മാറിവിശേഷിപ്പിച്ച തെലുങ്ക് സൂപ്പർതാരം രാം ചരണിന് സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം. അബദ്ധം വലിയ ചർച്ചയായതോടെ, ക്രിക്കറ്റ് താരത്തോട് ആത്മാർഥമായി ക്ഷമ ചോദിച്ചുകൊണ്ട് രാം ചരൺ തന്നെ രംഗത്തെത്തിയിട്ടുണ്ട്.
രാം ചരൺ നായകനാകുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’യുടെ ഭോപ്പാലിൽ നടന്ന പ്രീ-റിലീസ് ചടങ്ങിലാണ് സംഭവം. മ്യൂസിക് ലോഞ്ചിന് ശേഷം അവതാരകൻ ക്രിക്കറ്റ് താരങ്ങളെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോഴായിരുന്നു നടന് പിഴവ് സംഭവിച്ചത്. സച്ചിൻ ടെണ്ടുൽക്കറെ ഇതിഹാസമെന്നും എം.എസ് ധോണിയെ കൂൾ എന്നും വിശേഷിപ്പിച്ച താരം, ബുമ്രയെക്കുറിച്ച് പറഞ്ഞപ്പോഴാണ് മാറിപ്പോയത്. താൻ ബുമ്രയുടെ വലിയ ആരാധകനാണെന്ന് പറഞ്ഞ രാം ചരൺ, തനിക്ക് ഫുട്ബോൾ വളരെ ഇഷ്ടമാണെന്നും ബുമ്ര ഫുട്ബോളിനെ വലിയ ഉയരങ്ങളിൽ എത്തിക്കുമെന്നും പറയുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള ട്രോളുകളും മീമുകളുമാണ് താരത്തെ തേടിയെത്തിയത്. ഇതോടെയാണ് വിശദീകരണവുമായി താരം സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്. ബഹളത്തിനും തിരക്കിനുമിടയിൽ പറ്റിപ്പോയ മനുഷ്യസഹജമായ തെറ്റാണെന്നും ചിലപ്പോഴൊക്കെ പേരുകൾ ഓർമയിൽ വരാറില്ലെന്നും താരം കുറിച്ചു. ജസ്പ്രീത് ബുമ്രയോട് ആത്മാർഥമായി ക്ഷമ ചോദിക്കുന്നതായും, ഇന്ത്യൻ ക്രിക്കറ്റിന് അദ്ദേഹം നൽകുന്ന സംഭാവനകളിൽ താൻ അഭിമാനിക്കുന്നുവെന്നും രാം ചരൺ വ്യക്തമാക്കി.
ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ‘പെദ്ധി’ ഒരു ആക്ഷൻ സ്പോർട്സ് ഡ്രാമയാണ്. ജാൻവി കപൂർ നായികയാകുന്ന ചിത്രത്തിൽ കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ജൂൺ നാലിനാണ് തിയേറ്ററുകളിൽ എത്തുക.