26/01/2026

യുഎഇയിൽ ക്യാമറയും തൂക്കിനടക്കുന്നവർ സൂക്ഷിക്കുക: കണ്ടന്റ് ക്രിയേറ്റർമാർക്കും ഇൻഫ്‌ലുവൻസർമാർക്കും പെർമിറ്റ് നിർബന്ധം; പിഴ 10 ലക്ഷം ദിർഹം വരെ

 യുഎഇയിൽ ക്യാമറയും തൂക്കിനടക്കുന്നവർ സൂക്ഷിക്കുക:  കണ്ടന്റ് ക്രിയേറ്റർമാർക്കും ഇൻഫ്‌ലുവൻസർമാർക്കും പെർമിറ്റ് നിർബന്ധം; പിഴ 10 ലക്ഷം ദിർഹം വരെ

ദുബൈ: യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർമാർക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും കർശന നിയന്ത്രണങ്ങളുമായി പുതിയ മാധ്യമ നിയമം പ്രാബല്യത്തിൽ വന്നു. ഡിജിറ്റൽ, പ്രിന്റ്, ബ്രോഡ്കാസ്റ്റ് പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന നിയമം ലംഘിക്കുന്നവർക്ക് 10,000 ദിർഹം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്.

2023ലെ ഫെഡറൽ മീഡിയ നിയമം നമ്പർ 55 പ്രകാരമാണ് പുതിയ പരിഷ്‌കാരങ്ങൾ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, വെബ്‌സൈറ്റുകൾ, ഡിജിറ്റൽ പരസ്യങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ മാധ്യമങ്ങൾക്കും ഇത് ബാധകമാണ്. ഇൻഫ്‌ലുവൻസർമാർക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും പരസ്യങ്ങൾ നൽകുന്നതിനായി യുഎഇ മീഡിയ കൗൺസിൽ അനുവദിക്കുന്ന അഡ്വർടൈസർ പെർമിറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. 2026 ജനുവരി 31നകം പെർമിറ്റ് സ്വന്തമാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

നിയമപ്രകാരം നേരിടേണ്ടി വരുന്ന പ്രധാന പിഴകൾ ഇവയാണ്:

1.ഉള്ളടക്ക മാനദണ്ഡ ലംഘനങ്ങൾ: മതവികാരം വ്രണപ്പെടുത്തുന്നതോ അക്രമത്തിന് പ്രേരിപ്പിക്കുന്നതോ ആയ ഗുരുതരമായ ലംഘനങ്ങൾക്ക് 10 ലക്ഷം ദിർഹം വരെ പിഴ.

2.കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കൽ: കൊലപാതകം, ബലാത്സംഗം, മയക്കുമരുന്ന് ദുരുപയോഗം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങൾക്ക് 1,50,000 ദിർഹം വരെ പിഴ.

3.ദേശീയ താൽപ്പര്യം: ഭരണകൂടത്തെയോ ദേശീയ ചിഹ്നങ്ങളെയോ അനാദരിച്ചാൽ 50,000 മുതൽ 5 ലക്ഷം ദിർഹം വരെയും, വിദേശ രാജ്യങ്ങളുമായുള്ള ബന്ധം തകർക്കാൻ ശ്രമിച്ചാൽ 2,50,000 ദിർഹവുമാണ് പിഴ.

4.ലൈസൻസിങ് ലംഘനങ്ങൾ: ലൈസൻസില്ലാതെ പ്രവർത്തിച്ചാൽ ആദ്യതവണ 10,000 ദിർഹവും ആവർത്തിച്ചാൽ 40,000 ദിർഹവും പിഴ ഈടാക്കും. ലൈസൻസ് പുതുക്കാൻ 30 ദിവസത്തിലധികം വൈകിയാൽ പ്രതിദിനം 150 ദിർഹം വീതം (പരമാവധി 3,000 ദിർഹം) പിഴ നൽകേണ്ടി വരും. ലൈസൻസ് കൈമാറ്റം ചെയ്യുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്താൽ 20,000 ദിർഹമാണ് പിഴ.

5.മറ്റ് ലംഘനങ്ങൾ: തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ 5,000 മുതൽ 10,000 ദിർഹം വരെ പിഴ ചുമത്തും. പെർമിറ്റ് ഇല്ലാതെ പുസ്തകമേള സംഘടിപ്പിച്ചാൽ 40,000 ദിർഹവും, അനുമതിയില്ലാതെ മീഡിയ മെറ്റീരിയലുകൾ അച്ചടിച്ചാൽ 20,000 ദിർഹവും പിഴ നൽകണം. വിദേശ ലേഖകർ നിയമം ലംഘിച്ചാൽ മൂന്ന് മുന്നറിയിപ്പുകൾക്ക് ശേഷം 10,000 ദിർഹം പിഴ ചുമത്തും.

പെർമിറ്റ് എങ്ങനെ നേടാം?
യുഎഇ പൗരന്മാർക്കും താമസക്കാർക്കും മൂന്ന് വർഷത്തേക്ക് സൗജന്യമായാണ് അഡ്വർടൈസർ പെർമിറ്റ് നൽകുന്നത്. അപേക്ഷകർക്ക് 18 വയസ്സ് തികഞ്ഞിരിക്കണം. കൂടാതെ ഇലക്ട്രോണിക് മീഡിയ പ്രാക്ടീസ് ചെയ്യുന്നതിനുള്ള ട്രേഡ് ലൈസൻസും ഉണ്ടായിരിക്കണം. പെർമിറ്റ് വ്യവസ്ഥകൾ ലംഘിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കാനും കൗൺസിലിന് അധികാരമുണ്ടാകും. യുഎഇയുടെ സാമൂഹിക ഐക്യവും ധാർമ്മിക മൂല്യങ്ങളും സംരക്ഷിക്കുന്നതിനൊപ്പം ഉത്തരവാദിത്തമുള്ള മാധ്യമ പ്രവർത്തനം ഉറപ്പാക്കുകയുമാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.

Also read: