വി.ഡി സതീശന്റെ അഭിമുഖം നീക്കം ചെയ്യാൻ ആവശ്യപ്പെട്ട്കേരള പൊലീസ്; നടപടി സ്വീകരിച്ച് ഫേസ്ബുക്ക്
തിരുവനന്തപുരം: മനോരമ ന്യൂസിൽ സംപ്രേഷണം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ അഭിമുഖത്തിന്റെ ദൃശ്യങ്ങൾ കേരള പൊലീസിന്റെ നിർദ്ദേശപ്രകാരം ഫേസ്ബുക്ക് നീക്കം ചെയ്തു. ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ ഉൾപ്പെടുത്തിയ ‘റീൽ’ ആണ് ബുധനാഴ്ച ഉച്ചയോടെ ഇന്ത്യയിൽ വിലക്കിയത്. ഐടി ആക്ട് 2000, സെക്ഷൻ 79 (3) (ബി) പ്രകാരം കേരള പൊലീസിന്റെ സൈബർ ഓപറേഷൻസ് വിഭാഗം നൽകിയ നോട്ടീസിനെത്തുടർന്നാണ് നടപടി.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിമർശനങ്ങളും യുഡിഎഫ് വാഗ്ദാനങ്ങളും ഉൾപ്പെട്ടതായിരുന്നു ഒരു മണിക്കൂർ നീളുന്ന അഭിമുഖം. ചൊവ്വാഴ്ച സംപ്രേഷണം ചെയ്ത അഭിമുഖത്തിന്റെ ലിങ്കുകൾ ഫേസ്ബുക്കിൽ ലഭ്യമാണെങ്കിലും ഇന്ത്യയിലുള്ളവർക്ക് വീഡിയോ കാണാൻ സാധിക്കില്ല.
ഫേസ്ബുക്കിന് നോട്ടീസ് നൽകിയ കാര്യം ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് പൊലീസ് അധികൃതർ ഇത് സമ്മതിച്ചു. വീഡിയോയുടെ കമന്റ് ബോക്സിൽ അധിക്ഷേപകരമായ പരാമർശങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ വിശദീകരണം. ചേരിതിരിഞ്ഞുള്ള വാഗ്വാദങ്ങൾ സംഘർഷത്തിന് കാരണമായേക്കുമെന്ന വിലയിരുത്തലിലാണ് വീഡിയോ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതെന്നും സൈബർ വിഭാഗം അറിയിച്ചു.
അതേസമയം, വീഡിയോയിലെ ഉള്ളടക്കം ഫേസ്ബുക്കിന്റെ നയങ്ങൾക്കോ ഐടി നിയമങ്ങൾക്കോ വിരുദ്ധമല്ലെന്ന് ഫേസ്ബുക്ക് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. യാതൊരു നിയമലംഘനവും ഇല്ലാത്ത വീഡിയോ നീക്കം ചെയ്തതിനെതിരെ മനോരമ ന്യൂസ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകി.