‘എട്ടുമുക്കാലട്ടി വച്ചതു പോലെ ഒരാള്‍’; പ്രതിപക്ഷ എംഎല്‍എയെ അധിക്ഷേപിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വര്‍ണപ്പാളി വിവാദത്തില്‍ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ എംഎൽഎക്കെതിരെ അധിക്ഷേപവുമായി മുഖ്യമന്ത്രി. പ്രതിപക്ഷ അംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിക്കുകയായിരുന്നു അദ്ദേഹം. ‘എട്ടുമുക്കാൽ അട്ടിവെച്ച പോലെ ഒരാൾ’ എന്ന പ്രയോഗമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്. അംഗത്തിന്‍റെ പേരെടുത്ത് പറയാതെയായിരുന്നു പരിഹാസം.
“എന്‍റെ നാട്ടിൽ ഒരു വർത്തമാനം ഉണ്ട്. എട്ടു മുക്കാലട്ടി വച്ചതു പോലെ എന്ന്. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ആക്രമിക്കാൻ പോയത്. സ്വന്തം ശരീരശേഷി വച്ചല്ല അത്. വാച്ച് ആൻഡ് വാർഡിന് ആക്രമിക്കാൻ പോവുകയായിരുന്നു. വനിതാ വാച്ച് ആൻഡ് വാർഡിനെ അടക്കം ആക്രമിക്കാൻ ശ്രമിച്ചു” എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
സ്വർണപ്പാളി വിവാദത്തിൽ നിയമസഭ തുടര്‍ച്ചയായി മൂന്നാം ദിവസവും പ്രക്ഷുബ്ധമായി. ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ ഉന്തുംതള്ളുമുണ്ടായതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ദേവസ്വം മന്ത്രി രാജിവയ്ക്കുകയും ദേവസ്വം അംഗങ്ങളെ പുറത്താക്കുകയും ചെയ്യും വരെ സഭാനടപടികളുമായി നിസഹകരിക്കാനാണ് തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.