ഗസ്സയില്‍ സമാധാനപ്പുലരി; ആദ്യഘട്ട വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍
കെയ്റോ/വാഷിങ്ടണ്‍: ഗസ്സ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടത്തില്‍ ഇസ്രയേലും ഹമാസും തമ്മില്‍ അന്തിമധാരണ. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചത്. യിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ധാരണ പ്രകാരം എല്ലാ ബന്ദികളെയും വളരെ വേഗം മോചിപ്പിക്കുകയും, ഇസ്രയേല്‍ സൈന്യത്തെ നിശ്ചിത പരിധിയിലേക്ക് പിന്‍വലിക്കുകയും ചെയ്യും. ട്രംപിന്റെ പ്രഖ്യാപനം ഹമാസും ഇസ്രയേലും സ്ഥിരീകരിച്ചിട്ടുണ്ട്.
തിങ്കളാഴ്ചയ്ക്കകം മുഴുവന്‍ ബന്ദികളെയും വിട്ടയക്കുമെന്നാണു സൂചന. ഇതേസമയത്തു തന്നെ ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന ഫലസ്തീന് തടവുകാരെയും മോചിപ്പിക്കും. ഗസ്സയുടെ പ്രധാന മേഖലയില്‍നിന്ന് ഇസ്രയേല്‍ സൈന്യം പിന്മാറുകയും ചെയ്യും.
കഴിഞ്ഞ ദിവസങ്ങളില്‍ കെയ്റോയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ആദ്യഘട്ട വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നത്. മധ്യസ്ഥരാജ്യങ്ങളായ ഈജിപ്തിന്റെയും ഖത്തറിന്റെയും പ്രതിനിധികള്‍ മേല്‍നോട്ടം വഹിച്ച ചര്‍ച്ചകളില്‍ ഖാലിദ് അല്‍ഹയ്യ ഉള്‍പ്പെടെയുള്ള ഹമാസ് നേതാക്കളും സ്ട്രാറ്റജിക് അഫേഴ്സ് മന്ത്രി റോണ്‍ ഡെര്‍മര്‍ ഉള്‍പ്പെടെയുള്ള ഇസ്രായേല്‍ പ്രതിനിധികളും പങ്കെടുത്തു. ട്രംപിന്റെ മരുമകന് ജാരെദ് കുഷ്നര്‍, പ്രത്യേക പശ്ചിമേഷ്യന്‍ ദൂതന് സ്റ്റീവ് വിറ്റ്കോഫ് എന്നിവരും തുര്‍ക്കി പ്രതിനിധികളും ചര്‍ച്ചകളുടെ ഭാഗമായി കെയ്റോയിലുണ്ടായിരുന്നു.