‘അടിച്ചത് സിഐ അഭിലാഷ് ഡേവിഡ്; ഗുണ്ടാബന്ധത്തിന് പിരിച്ചുവിട്ടിട്ടും ഇപ്പോഴും സര്‍വീസില്‍’; ആരോപണവുമായി ഷാഫി പറമ്പില്‍
കോഴിക്കോട്: പേരാമ്പ്ര സംഘര്‍ഷത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഷാഫി പറമ്പില്‍ എംപി. തന്നെ അടിച്ചത് സിഐ അഭിലാഷ് ഡേവിഡാണെന്ന് എംപി പറഞ്ഞു. ഗുണ്ടാബന്ധത്തിന്റെ പേരില്‍ 2023 ജനുവരിയില്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ട ഉദ്യോഗസ്ഥരിലൊരാളാണ് അഭിലാഷ് എന്നും എന്നാല്‍ ഇദ്ദേഹം ഇപ്പോഴും സര്‍വീസില്‍ തുടരുന്നുവെന്നും ഷാഫി പറഞ്ഞു.
പേരാമ്പ്ര സംഘര്‍ഷം പൊലീസ് ബോധപൂര്‍വം സൃഷ്ടിച്ചതാണെന്നും അതിന് രാഷ്ട്രീയനിര്‍ദേശമുണ്ടായിരുന്നുവെന്നത് ഉറപ്പാണെന്നും ഷാഫി പറമ്പില്‍ കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിരിച്ചുവിട്ടെന്ന് മാധ്യമങ്ങളോടും നിയമസഭയിലും പറയുക. എന്നിട്ട് അവരെ രഹസ്യമായി തിരിച്ചെടുത്തശേഷം സിപിഎമ്മിന്റെ ഗുണ്ടാപ്പണിക്ക് നിയോഗിക്കുക. അതാണ് ഇവിടെ സംഭവിച്ചത്. സിഐ അഭിലാഷ് ഡേവിഡ് എന്ന സിപിഎമ്മിന്റെ പൊലീസ് ഗുണ്ടയാണ് പേരാമ്പ്രയിലെ അക്രമത്തിന് നേതൃത്വം കൊടുത്തത്. വടകര കണ്‍ട്രോള്‍ റൂമിലെ സിഐയാണ്. ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തതിന്റെ ഓര്‍ഡറുണ്ട്. എന്നാല്‍, പിരിച്ചുവിട്ടതിന്റെ ഓര്‍ഡറില്ല. അഭിലാഷിന് പഴയ എസ്എഫ്‌ഐ ബന്ധമുണ്ടെന്നും സസ്‌പെന്‍ഷന്‍ കാലയളവില്‍ സമയംകൊല്ലുന്നതിന് ഏരിയാ കമ്മിറ്റി സന്ദര്‍ശിച്ചിരുന്നൊരാള്‍ ആണെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.
സംഘര്‍ഷത്തില്‍ മൂക്കിന്റെ എല്ലു പൊട്ടി ചികിത്സയിലായിരുന്ന ഷാഫി ഇതാദ്യമായാണ് മാധ്യമങ്ങള്‍ക്കു മുന്നിലെത്തുന്നത്. പേരാമ്പ്ര സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചായിരുന്നു ഷാഫിയുടെ വാര്‍ത്താസമ്മേളനം.