അബു അരീക്കോടിന്റെ മരണത്തിൽ ദുരൂഹത ശബ്ദം ; സോഷ്യൽ മീഡിയയിൽ പരസ്പരം പോരുമായി ചാരിറ്റി പ്രവർത്തകർ, ഗുരുതര ആരോപണങ്ങളുമായി അബുവിന്റെ ശബ്ദരേഖ പുറത്ത്
അരീക്കോട്: ഇടതു സൈബര്‍ ഇടത്തിലെ സജീവസാന്നിധ്യമായിരുന്ന അബു അരീക്കോടിന്റെ മരണത്തില്‍ ദുരൂഹത ശക്തമാകുന്നു. ലോണ്‍ ആപ്പ് തട്ടിപ്പാണ് മരണത്തിലേക്കു നയിച്ചതെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍, ചാരിറ്റി പ്രവര്‍ത്തനത്തിന്‍രെ മറവിലുള്ള തട്ടിപ്പുമായി ബന്ധപ്പെടുത്തിയും ഗുരുതര ആരോപണങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്.
ഇടത് സൈബര്‍ ലോകത്ത് സജീവമായി ഇടപെടുന്ന രണ്ട് ചാരിറ്റി പ്രവര്‍ത്തകര്‍ക്കെതിരെയാണ് പ്രധാനമായും ആരോപണമുയരുന്നത്. മിറര്‍ കേരള എന്ന ഫേസ്ബുക്ക് പേജ് അഡ്മിന്‍ സലീല്‍ ബിന്‍ കാസിം, കാസര്‍കോട് സ്വദേശി ഹൈദര്‍ മധൂര്‍ എന്നിവര്‍ക്കെതിരെ ആരോപണവുമായാണ് മറ്റൊരു ചാരിറ്റി പ്രവര്‍ത്തകനായ മുഷ്താഖ് കണ്ണൂര്‍ എന്നയാള്‍ രംഗത്തെത്തിയിരിക്കുന്നത്. പഠനവുമായി ബന്ധപ്പെട്ട ആവശ്യത്തിന് കടം ചോദിച്ച് ഇരുവരെയും സമീപിച്ചപ്പോള്‍ മണ്ണാര്‍ക്കാടുള്ള ഒരു വിവാദ ആത്മീയ സ്ഥാപനത്തില്‍ അബുവിനെ കൊണ്ടുപോകുകയും 50,000 രൂപ വാങ്ങിക്കൊടുക്കുകയും ചെയ്തുവെന്നാണ് ആരോപണം. പ്രാദേശിക സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ ഇടപെട്ടു പൂട്ടിച്ച സ്ഥാപനത്തെ കുറിച്ച് പ്രമോഷന്‍ വിഡിയോ ചെയ്യിപ്പിക്കുകയും ചെയ്തതായി മുഷ്താഖ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. വ്യാജസിദ്ധന്മാരെയും ആത്മീയ തട്ടിപ്പുകാരെയും കുറിച്ചെല്ലാം വിഡിയോ ചെയ്ത് ഇവരില്‍നിന്നു പണം വാങ്ങുന്നതുള്‍പ്പെടുള്ള തട്ടിപ്പുകള്‍ നടത്തുന്നുവെന്നും ആരോപണമുണ്ട്.
ഈ ആരോപണങ്ങള്‍ വെളിപ്പെടുത്തുന്ന അബുവിന്റെ ഫോണ്‍ കോളിന്റെ അരമണിക്കൂറോളം ദൈര്‍ഘ്യമുള്ള ശബ്ദസന്ദേശവും മുഷ്താഖ് പുറത്തുവിട്ടിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തവനൂരില്‍ കെടി ജലീലിനു വേണ്ടി പ്രചാരണത്തിന് എത്തിയപ്പോഴാണ് സലീല്‍, ഹൈദര്‍ എന്നിവരുമായി പരിചയത്തിലാകുന്നതെന്ന് അബു വെളിപ്പെടുത്തുന്നുണ്ട്. സൈബര്‍ ഇടങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരായി അവതരിപ്പിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്തും അല്ലാതെയും തട്ടിപ്പു നടത്തുന്നവരാണ് ഇവരെന്ന് ശബ്ദരേഖയില്‍ ആരോപിക്കുന്നുണ്ട്.
എന്നാല്‍, തങ്ങളും അബുവും തമ്മില്‍ ഇതുവരെയും ഒരു പ്രശ്‌നമില്ലെന്നും അടുത്ത സുഹൃത്തുക്കളാണെന്നും സലീല്‍ ഫേസ്ബുക്ക് വിഡിയോയിലൂടെ പ്രതികരിച്ചു. അബുവിനെ മുഷ്താഖ് ചതിക്കുകയായിരുന്നുവെന്നും തങ്ങള്‍ക്കെതിരെ നടത്തിയ ആരോപണങ്ങള്‍ക്കു മാപ്പുപറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നു വര്‍ഷം മുന്‍പ് നടന്ന ഫോണ്‍ കോളിന്റെ റെക്കോര്‍ഡ് അബുവിന്റെ മരണശേഷം പുറത്തുവിട്ടത് കൃത്യമായ ഗൂഢാലോചനയുടെ ഭാഗമാണ്. തങ്ങളെ കൊലയാളിയാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഈ മരണത്തിലുള്ള പങ്കും പുറത്തുവരുമെന്നും സലീല്‍ വാദിക്കുന്നുണ്ട്.
കോഴിക്കോട് കൈതപ്പൊയില്‍ മര്‍ക്കസ് ലോ കോളേജില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു അബു എന്ന അരീക്കോട് പൂങ്കുടി സ്വദേശി വി. അബൂബക്കര്‍ സിദ്ദീഖ്. സ്ഥാപനത്തിനടുത്ത് സുഹൃത്തുക്കള്‍ക്കൊപ്പം വാടകയ്ക്കു താമസിക്കുന്ന വീട്ടിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. കോടഞ്ചേരി പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.