ചാരവൃത്തി ഭീഷണി; മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു നല്‍കിയ ചൈനീസ് കാറുകള്‍ കൂട്ടത്തോടെ തിരിച്ചുവിളിച്ച് ഇസ്രയേല്‍
തെല്‍ അവീവ്: സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ച നൂറുകണക്കിന് കാറുകള്‍ തിരിച്ചുവിളിച്ച് ഇസ്രയേല്‍. ഏകദേശം 700 ചൈനീസ് നിര്‍മിത കാറുകളാണു സുരക്ഷാ ഭീഷണികളെത്തുടര്‍ന്ന് തിരിച്ചുവിളിക്കാന്‍ ഉത്തരവ്. വാഹനങ്ങളിലെ ഇലക്ട്രോണിക് സംവിധാനങ്ങള്‍ വഴി രഹസ്യ വിവരങ്ങള്‍ ചോരാനും ചാരവൃത്തി നടത്താനും സാധ്യതയുണ്ടെന്ന ഇസ്രയേല്‍ സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി.
2022 മുതല്‍ ലെഫ്റ്റനന്റ് കേണല്‍മാര്‍ക്കും, കേണല്‍മാര്‍ക്കും നല്‍കിയിരുന്ന ഈ വാഹനങ്ങളില്‍ ഭൂരിഭാഗവും ചെറി ടിഗ്ഗോ 8 പ്രോ മോഡലാണ്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഉപയോഗിക്കാനായി നല്‍കിയിരുന്ന ഈ വാഹനങ്ങളിലെ ക്യാമറകള്‍, മൈക്രോഫോണുകള്‍, സെന്‍സറുകള്‍, കമ്മ്യൂണിക്കേഷന്‍ മൊഡ്യൂളുകള്‍ എന്നിവ ഡ്രൈവറുടെ നിയന്ത്രണമില്ലാതെ തന്നെ പുറത്തുള്ള സെര്‍വറുകളിലേക്ക് ഡാറ്റ കൈമാറാന്‍ സാധ്യതയുണ്ടെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. രാജ്യത്തിന്റെ സൈനിക നീക്കങ്ങളും തന്ത്രപ്രധാനമായ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ചോരാന്‍ ഇത് വഴിയൊരുക്കുമെന്ന ആശങ്ക ശക്തമാണ്.
ഐഡിഎഫ് മേധാവി ഇയാല്‍ സമീറിന്റെ ഉത്തരവനുസരിച്ചാണ് നടപടി പുരോഗമിക്കുന്നത്. അതീവ രഹസ്യ വിവരങ്ങളിലേക്ക് പ്രവേശനമുള്ള ഉദ്യോഗസ്ഥരില്‍ നിന്നാണ് കാറുകള്‍ ആദ്യം തിരിച്ചുവാങ്ങുക. 2026ന്റെ ആദ്യ പാദത്തോടെ ഈ പ്രക്രിയ പൂര്‍ത്തിയാക്കാനാണ് ഐഡിഎഫ് ലക്ഷ്യമിടുന്നത്. നേരത്തെ, ചൈനീസ് കാറുകള്‍ സൈനിക താവളങ്ങളില്‍ പ്രവേശിക്കുന്നത് ഐഡിഎഫ് നിരോധിച്ചിരുന്നു. യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങള്‍ ഉയര്‍ന്ന സുരക്ഷാ മേഖലകളില്‍ ചൈനീസ് സാങ്കേതികവിദ്യയുടെ ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഈ നീക്കവും.
ജാപ്പനീസ് നിര്‍മിത മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍ പോലെയുള്ള മറ്റ് വാഹനങ്ങളായിരിക്കും പകരമായി ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.