‘താങ്കളുടെ കൈകളില്‍ രക്തക്കറയുണ്ട്’; ഗ്യാനേഷ് കുമാറിന്റെ മുഖത്തുനോക്കി തൃണമൂല്‍ എംപിമാരുടെ വിമര്‍ശനം
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുമായി (എസ്ഐആര്‍) ബന്ധപ്പെട്ട് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത മരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത പ്രത്യേക കൂടിക്കാഴ്ചയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് നേരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം.പിമാർ. താങ്കളുടെ കൈകളിൽ രക്തക്കറയുണ്ട് എന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ മുഖത്തുനോക്കി പറഞ്ഞതായി കൂടിക്കാഴ്ചക്ക് ശേഷം ടി.എം.സി പ്രതിനിധി സംഘം അറിയിച്ചു. അതേസമയം, തങ്ങള്‍ ഉയര്‍ത്തിയ അഞ്ചു ചോദ്യങ്ങള്‍ക്ക് ഒരു മറുപടിയും കമ്മിഷന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നും ടിഎംസി നേതാക്കള്‍ പറഞ്ഞു.
രാജ്യസഭാ എംപി ഡെറിക് ഒബ്രിയന്റെ നേതൃത്വത്തിലുള്ള 10 അംഗ ടി.എം.സി പ്രതിനിധി സംഘമാണ് ഡൽഹിയിലെ നിർവാചൻ സദനിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ബെഞ്ചുമായി കൂടിക്കാഴ്ച നടത്തിയത്. വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 40 പേർ മരിച്ച സംഭവമാണ് ടി.എം.സി പ്രധാനമായും ഉന്നയിച്ചത്.
പ്രതിനിധി സംഘം തങ്ങൾ ഉന്നയിച്ച അഞ്ച് വിഷയങ്ങളിൽ ഒന്നിനുപോലും ഗ്യാനേഷ് കുമാർ മറുപടി നൽകിയില്ലെന്നും ഇവര്‍ ആരോപിച്ചു. തങ്ങൾ 40 മിനിറ്റോളം തങ്ങളുടെ ഭാഗം അവതരിപ്പിച്ചപ്പോൾ, സി.ഇ.സി ഒരു മണിക്കൂറോളം മറുപടി പറഞ്ഞു. എന്നാൽ തങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഒരു ഉത്തരവും ലഭിച്ചില്ലെന്ന് ഡെറിക് വ്യക്തമാക്കി.
മരണങ്ങൾ വെറും ആരോപണങ്ങൾ മാത്രമാണെന്ന് പറഞ്ഞ് കമ്മീഷൻ തള്ളിക്കളഞ്ഞതായി ലോക്സഭാ എം.പി മഹുവ മൊയ്ത്ര പറഞ്ഞു. SIR-ൻ്റെ ആശയം തെറ്റല്ലെങ്കിലും, ആസൂത്രണമില്ലാതെയും മനുഷ്യത്വമില്ലാതെയും ഇത് നടപ്പാക്കുന്ന രീതിയിലാണ് തങ്ങൾക്ക് എതിർപ്പുള്ളതെന്നും ടി.എം.സി കൂട്ടിച്ചേർത്തു. വോട്ടർ പട്ടിക പുതുക്കലിൽ ബംഗാളിനെ മാത്രം ഉൾപ്പെടുത്തി മറ്റ് സംസ്ഥാനങ്ങളെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് ടി.എം.സി എം.പി മമത താക്കൂർ ചോദ്യം ചെയ്തു.