കൂടെ കിടക്കാന്‍ നിര്‍ബന്ധിച്ച ആ വിഐപി ഗസ്റ്റ് ബി.ജെ.പി ദേശീയ നേതാവെന്ന് ആരോപണം; അങ്കിത ഭണ്ഡാരി വധക്കേസില്‍ ശബ്ദരേഖ പുറത്ത്
അങ്കിത ഭണ്ഡാരി, ദുഷ്യന്ത് കുമാര്‍
ഡെറാഡൂണ്‍: രാജ്യത്തെ ഞെട്ടിച്ച അങ്കിത ഭണ്ഡാരി വധക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി ശബ്ദരേഖ പുറത്ത്. ബി.ജെ.പി മുന്‍ എം.എല്‍.എ സുരേഷ് റാത്തോഡും ഭാര്യ ഊര്‍മിള റാത്തോഡും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. അങ്കിതയോട് കൂടെ കിടക്കാന്‍ ആവശ്യപ്പെടുകയും, അതിന് വഴങ്ങാത്തതിനെത്തുടര്‍ന്ന് കൊലപാതകത്തിലേക്ക് നയിക്കുകയും ചെയ്ത സംഭവത്തിലെ ദുരൂഹത നിറഞ്ഞ ‘വിഐപി’ അതിഥി, ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയും ഉത്തരാഖണ്ഡിന്റെ ചുമതലയുമുള്ള ദുഷ്യന്ത് കുമാര്‍ ഗൗതം ആണെന്നാണ് ശബ്ദരേഖയിലെ വെളിപ്പെടുത്തല്‍. എന്നാല്‍, കേസിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് രാജ്യസഭാ എംപി കൂടിയായ ദുഷ്യന്ത് അറിയിച്ചിട്ടുണ്ട്.
എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് ഊര്‍മിള ഓഡിയോ ക്ലിപ്പുകള്‍ പുറത്തുവിട്ടത്. റിസോര്‍ട്ട് ഉടമയും ബിജെപി നേതാവുമായ പുല്‍ക്കിത് ആര്യ, ദുഷ്യന്ത് കുമാര്‍ ഗൗതമിന് ‘പ്രത്യേക സേവനങ്ങള്‍’ നല്‍കാന്‍ അങ്കിതയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് ശബ്ദരേഖയില്‍ പരാമര്‍ശിക്കുന്നത്. ഇതിനായി 10,000 രൂപ വാഗ്ദാനം ചെയ്‌തെന്നും, എന്നാല്‍ അങ്കിത ഇതിനു കൂട്ടാക്കിയില്ലെന്നും ഓഡിയോയില്‍ പറയുന്നു. ഗൗതമിനെതിരെ സമാനമായ ഏഴോളം കേസുകളുണ്ടെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി കുറ്റക്കാരെ സംരക്ഷിക്കുകയാണെന്നും ശബ്ദരേഖയില്‍ ആരോപണമുണ്ട്.
ശബ്ദരേഖ പുറത്തുവന്നതോടെ വന്‍ രാഷ്ട്രീയ വിവാദമാണ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ‘ഇന്ത്യയുടെ എപ്സ്റ്റീന്‍ ഫയല്‍’ എന്ന് വിശേഷിപ്പിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ഈ വിഷയം ചര്‍ച്ചയാകുന്നത്. ബി.ജെ.പി നേതാക്കള്‍ ബലാത്സംഗക്കേസ് പ്രതികള്‍ക്ക് സംരക്ഷണം നല്‍കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് ഡോ. ഷമ മുഹമ്മദ് ആരോപിച്ചു. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അങ്കിതയുടെ അമ്മ നടത്തുന്ന വിലാപത്തിന്റെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. തെളിവുകള്‍ നശിപ്പിക്കാനാണ് റിസോര്‍ട്ട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തതെന്ന ആരോപണവും വീണ്ടും ശക്തമായി.
അതേസമയം, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ദുഷ്യന്ത് കുമാര്‍ ഗൗതം പ്രതികരിച്ചു. വ്യാജപ്രചരണങ്ങള്‍ക്കെതിരെ അദ്ദേഹം ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. ഗൗതമിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് ഊര്‍മിളയ്ക്കും സുരേഷ് റാത്തോഡിനും എതിരെ ഡെറാഡൂണില്‍ രണ്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തു. ശബ്ദരേഖയുടെ ആധികാരികത പോലീസ് പരിശോധിച്ചു വരികയാണ്.
2025 മെയ് മാസത്തില്‍ അങ്കിതയുടെ കൊലപാതകത്തില്‍ രണ്ട് കൂട്ടുപ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ അങ്കിതയോട് സേവനം ആവശ്യപ്പെട്ട വിഐപി ആരാണെന്നത് അന്വേഷണത്തില്‍ വ്യക്തമായിരുന്നില്ല. പുതിയ വെളിപ്പെടുത്തലുകളോടെ കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം വീണ്ടും ശക്തമായിരിക്കുകയാണ്. #JusticeForAnkitaBhandari എന്ന ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.