27/01/2026

ഹിന്ദു യുവതിയെ മുസ്‌ലിം സഹപാഠി ബലാത്സംഗം ചെയ്ത് കൊന്നെന്ന് കള്ളക്കഥ; ബി.ജെ.പി യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

 ഹിന്ദു യുവതിയെ മുസ്‌ലിം സഹപാഠി ബലാത്സംഗം ചെയ്ത് കൊന്നെന്ന് കള്ളക്കഥ; ബി.ജെ.പി യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

ഗുരുഗ്രാം: വര്‍ഗീയ വിദ്വേഷം പടര്‍ത്തുക എന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമങ്ങളില്‍ വ്യാജ കൊലപാതക വാര്‍ത്ത പ്രചരിപ്പിച്ച ബി.ജെ.പി യുവമോര്‍ച്ച നേതാവിനെ ഗുരുഗ്രാം പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കൗശാംബി സ്വദേശിയും യുവമോര്‍ച്ച പ്രവര്‍ത്തകനുമായ ഹരി ഓം മിശ്ര(ശൗര്യ മിശ്ര)യാണ് പിടിയിലായത്.

ഗുരുഗ്രാമില്‍ നികിത അഗര്‍വാള്‍ എന്ന ഹിന്ദു പെണ്‍കുട്ടിയെ ആരിഫ് ഖാന്‍ എന്ന മുസ്‌ലിം സഹപാഠി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി എന്നായിരുന്നു ഇയാള്‍ എക്‌സ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. പെണ്‍കുട്ടിയെ ആരിഫ് ഖാന്‍ ഭീഷണിപ്പെടുത്തുകയും നിര്‍ബന്ധിതമായി മതം മാറ്റാന്‍ ശ്രമിക്കുകയും തുടര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വനത്തില്‍ തള്ളുകയും ചെയ്തു എന്നായിരുന്നു ഇയാളുടെ പോസ്റ്റിലെ അവകാശവാദം. സംഭവത്തിന് ആധികാരികത നല്‍കാനായി ഇയാള്‍ പോലീസിനെ ഉദ്ധരിക്കുകയും മറ്റ് പലരുടെയും ഫോട്ടോകള്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, ഇങ്ങനെയൊരു സംഭവം ഗുരുഗ്രാമില്‍ നടന്നിട്ടില്ലെന്നും പ്രചരിക്കുന്നത് പൂര്‍ണമായും വ്യാജവാര്‍ത്തയാണെന്നും പോലീസ് കണ്ടെത്തി. ഇന്‍ഫ്‌ലുവന്‍സര്‍മാരായ മൗലിക് ചോപ്ര, ശിഖം ഠാക്കൂര്‍ എന്നിവരുടെ പഴയ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ഈ വ്യാജ കഥ മെനഞ്ഞതെന്ന് ‘ആള്‍ട്ട് ന്യൂസ്’ നടത്തിയ ഫാക്ട് ചെക്കിങ്ങിലും തെളിഞ്ഞു.

ഈ വാര്‍ത്ത വ്യാജമാണെന്ന് ഗുരുഗ്രാം പോലീസ് ഔദ്യോഗികമായി അറിയിക്കുകയും പോസ്റ്റ് നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, മുന്നറിയിപ്പ് അവഗണിക്കുകയും വ്യാജ പ്രചാരണം തുടരുകയും ചെയ്തതിനെ തുടര്‍ന്നാണ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. മതപരമായ ചേരിതിരിവ് സൃഷ്ടിക്കാനും സമാധാനം തകര്‍ക്കാനും ലക്ഷ്യമിട്ടുള്ള ഇത്തരം വ്യാജവാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗുരുഗ്രാം പോലീസ് വക്താവ് സന്ദീപ് സിങ് അറിയിച്ചു.

മറ്റൊരു സംഭവമായ 2020-ലെ നികിത തോമര്‍ കൊലപാതക കേസുമായി തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ഈ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.

Also read: