‘പ്രധാനമന്ത്രിയുടെ പള്ളി സന്ദർശനം നാടകം: വിദേശികളെ കാണിക്കാൻ’; രൂക്ഷവിമർശനവുമായി കത്തോലിക്കാ സഭ മുഖപത്രം ’ദീപിക’
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പള്ളി സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് കത്തോലിക്കാ സഭ മുഖപത്രമായ ദീപിക. രാജ്യത്ത് ക്രൈസ്തവർക്കെതിരെ ഹിന്ദുത്വ വർഗീയവാദികൾ അക്രമം അഴിച്ചുവിടുന്ന സാഹചര്യത്തിൽ, ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി പള്ളി സന്ദർശിച്ചത് വെറും നാടകമാണെന്ന് പത്രം ആരോപിച്ചു. ‘വർഗീയത വാനോളം, നിവേദനം പോരാ’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് കേന്ദ്ര സർക്കാരിനും സംഘപരിവാറിനുമെതിരെ സഭ കടുത്ത വിമർശനം ഉയർത്തിയത്.
ഹിന്ദുത്വ വർഗീയവാദികൾ തെരുവിൽ ക്രിസ്മസ് ആഘോഷങ്ങൾ അലങ്കോലപ്പെടുത്തുമ്പോൾ പ്രധാനമന്ത്രി പള്ളിക്കുള്ളിൽ പ്രാർത്ഥിക്കാനെത്തിയത് ഇന്ത്യൻ പൗരന്മാരെ കാണിക്കാനല്ല, മറിച്ച് വിദേശ രാജ്യങ്ങളിലെ ഭരണാധികാരികളെ പ്രീണിപ്പിക്കാനാണെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. സന്ദർശനത്തിൽ ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന അക്രമങ്ങളെ അപലപിക്കാനോ കർശന നടപടിയെടുക്കാനോ അദ്ദേഹം തയ്യാറാകുമായിരുന്നു. ഭരണകൂടത്തിന്റെ ഈ നിശബ്ദത അക്രമികൾക്ക് പിൻവാതിൽ പ്രവേശനം നൽകുന്നതിന് തുല്യമാണെന്നും സഭ ചൂണ്ടിക്കാട്ടുന്നുണ്ട്.
അക്രമങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകൾ
ഈ വർഷം നവംബർ വരെ മാത്രം രാജ്യത്ത് ക്രൈസ്തവർക്കെതിരെ 706 അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2024ൽ ആകെ 834 അക്രമങ്ങളുണ്ടായി. ബിജെപി ഭരണത്തിന് കീഴിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ നാലും അഞ്ചും ഇരട്ടിയായി വർധിച്ചുവെന്നും പത്രം വ്യക്തമാക്കുന്നു. ഉത്തർപ്രദേശിൽ ക്രിസ്മസ് അവധി നിഷേധിച്ചതും, ഛത്തീസ്ഗഡിൽ ക്രിസ്മസ് തലേന്ന് ബന്ദ് പ്രഖ്യാപിച്ചതും ഭരണഘടനയെ നോക്കുകുത്തിയാക്കിയുള്ള നടപടികളാണ്. കേരള ലോക്ഭവനിൽ ക്രിസ്മസ് പ്രവൃത്തിദിനമാക്കിയതും മനഃപൂർവമായ പ്രകോപനമാണെന്ന് ദീപിക ആരോപിക്കുന്നു.
നിയമപോരാട്ടത്തിന് ആഹ്വാനം
വെറും നിവേദനങ്ങൾ നൽകി സമയം കളയാതെ, വർഗീയതയ്‌ക്കെതിരെ ശക്തമായ നിയമപോരാട്ടം നടത്താൻ ന്യൂനപക്ഷ നേതൃത്വങ്ങൾ തയ്യാറാകണമെന്ന് സഭ ആവശ്യപ്പെടുന്നു. രാജ്യത്തെ ഭരണഘടനയെ മറികടന്ന് മതരാഷ്ട്രമാക്കാൻ ശ്രമിക്കുന്ന ശക്തികളെ നേരിടാൻ കോടതിയെ സമീപിക്കണം. ദേശീയതലത്തിൽ നിയമനടപടികൾ ഏകോപിപ്പിക്കാൻ പ്രത്യേക സംവിധാനം രൂപീകരിക്കണമെന്നും മുഖപ്രസംഗം നിർദ്ദേശിക്കുന്നുണ്ട്.
ഇസ്ലാമിക തീവ്രവാദത്തെയും ഹിന്ദുക്രിസ്ത്യൻ വർഗീയതയെയും ഒരുപോലെ എതിർക്കണം. വികസന പദ്ധതികളോ ആത്മവിശ്വാസമോ ഇല്ലാത്ത പാർട്ടികളാണ് മതധ്രുവീകരണത്തിലൂടെ അധികാരം നിലനിർത്താൻ ശ്രമിക്കുന്നത്. ഇത്തരം വർഗീയ വിഷത്തെ തടയാൻ മതേതര പാർട്ടികൾ സമയബന്ധിതമായ പദ്ധതികൾ ആവിഷ്‌കരിക്കണം. നോം ചോംസ്‌കി പറഞ്ഞതുപോലെ വർഗീയതയിൽ പങ്കുചേരാതിരിക്കുക എന്നതാണ് ഏറ്റവും വലിയ പ്രതിരോധമെന്നും, മതേതരത്വത്തിനായി എല്ലാവരും കൈകോർക്കണമെന്നും ആഹ്വാനം ചെയ്തുകൊണ്ടാണ് മുഖപ്രസംഗം അവസാനിക്കുന്നത്.