മില്ലി മോഹന്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും; തഹ്ലിയ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കും
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ കോഴിക്കോട് കോര്‍പറേഷനിലേക്കും ജില്ലാ പഞ്ചായത്തിലേക്കും യുഡിഎഫ് തങ്ങളുടെ അധ്യക്ഷ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസും മുസ്‌ലിം ലീഗും സുപ്രധാന പദവികള്‍ പങ്കിട്ടെടുക്കുന്ന രീതിയിലാണ് അന്തിമ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ജില്ലാ പഞ്ചായത്തില്‍ ഇരു പാര്‍ട്ടികളും ഊഴംവച്ച് അധ്യക്ഷ പദവി അലങ്കരിക്കും. മില്ലി മോഹന്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്കും ഫാത്തിമ തഹ്ലിയ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കും മത്സരിക്കും.
മേയര്‍ സ്ഥാനാര്‍ത്ഥി: എസ്.കെ അബൂബക്കര്‍(കോണ്‍ഗ്രസ്). എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയും ഡെപ്യൂട്ടി മേയറുമായിരുന്ന സി.പി മുസാഫര്‍ അഹമ്മദിനെ പരാജയപ്പെടുത്തിയ ‘ജയന്റ് കില്ലര്‍’ എന്ന പരിവേഷവുമായാണ് അബൂബക്കര്‍ എത്തുന്നത്. ഡെപ്യൂട്ടി മേയര്‍: കുറ്റിച്ചിറയില്‍ ചരിത്രവിജയം നേടിയ അഡ്വ. ഫാത്തിമ തഹ്ലിയ (മുസ്ലിം ലീഗ്).
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്: മില്ലി മോഹന്‍ (കോണ്‍ഗ്രസ്- കോടഞ്ചേരി ഡിവിഷന്‍). വൈസ് പ്രസിഡന്റ്: കെ.കെ നവാസ് (മുസ്ലിം ലീഗ്).
തിരഞ്ഞെടുപ്പ് ചിത്രം ഇങ്ങനെ:
യുഡിഎഫിന് ചരിത്ര വിജയം എല്‍ഡിഎഫിന്റെ ഉരുക്കുകോട്ടയായിരുന്ന ജില്ലാ പഞ്ചായത്ത് ഇത്തവണ എല്ലാവരെയും ഞെട്ടിച്ച് യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. ആകെയുള്ള 28 സീറ്റുകൡ യുഡിഎഫ് – 14, എല്‍ഡിഎഫ് – 13, ആര്‍എംപി-1 എന്നിങ്ങനെയാണു കക്ഷിനില.
ആര്‍എംപിയുടെ പിന്തുണയോടെ 15 സീറ്റുകള്‍ ഉറപ്പാക്കി യുഡിഎഫ് ഭരണത്തിലേറുമെന്ന് ഉറപ്പായി. എല്‍ഡിഎഫിന്റെ ദീര്‍ഘകാല ഭരണത്തിനാണ് ഇതോടെ അന്ത്യമാകുന്നത്.
കോഴിക്കോട് കോര്‍പ്പറേഷനില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം നേടാനായിട്ടില്ല.
ആകെ 76 സീറ്റുകളില്‍ എല്‍ഡിഎഫ് 35 ഇടത്താണ് വിജയിച്ചത്. 28 സീറ്റുമായി യുഡിഎഫ് വന്‍ കുതിപ്പാണുണ്ടാക്കിയത്. 13 ഇടത്ത് വിജയിച്ച് ബിജെപിയും ഞെട്ടിച്ചു.
കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റുകള്‍ (17ല്‍ നിന്ന് 28-ലേക്ക്) വര്‍ധിപ്പിക്കാന്‍ യുഡിഎഫിന് സാധിച്ചു. യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന പി.എം നിയാസ് പരാജയപ്പെട്ടതും എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി തോറ്റതും ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ വലിയ അട്ടിമറികളായിരുന്നു.
കോര്‍പറേഷനില്‍ ഭരണം പിടിക്കാന്‍ ബിജെപിയുമായി പരസ്യമായോ രഹസ്യമായോ യാതൊരു ബന്ധവും ഉണ്ടാക്കില്ലെന്ന് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എം.കെ മുനീര്‍ എംഎല്‍എ, കെ.എം ഷാജി, ടി.ടി ഇസ്മായില്‍ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.