പട്ടിക്കാട് ജാമിഅ സമ്മേളന പ്രചാരണ സന്ദേശജാഥ പതാക കൈമാറ്റം നാളെ പാണക്കാട്ട്
ജാമിഅ നൂരിയ്യ അറബിക് കോളേജ്
മലപ്പുറം: ദക്ഷിണേന്ത്യയിലെ ഉന്നത ഇസ്‌ലാമിക മതപഠന കേന്ദ്രമായ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 63-ാം വാര്‍ഷിക, 61-ാം സനദ് ദാന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ സജീവം. സമ്മേളനത്തിനു മുന്നോടിയായി നടക്കുന്ന പ്രചാരണ സന്ദേശ ജാഥകള്‍ക്കുള്ള പതാക കൈമാറ്റം നാളെ പാണക്കാട്ട് നടക്കും. പാണക്കാട്ട് നടക്കുന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ജാഥാ നായകര്‍ക്കുള്ള പതാക കൈമാറും. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ചടങ്ങില്‍ സംബന്ധിക്കും.
പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ 63-ാമത് വാര്‍ഷികവും 61-ാമത് സനദ് ദാന സമ്മേളനവും 2026 ജനുവരി 9, 10, 11 തീയതികളിലായി പട്ടിക്കാട് ഫൈസാബാദില്‍ വെച്ച് നടക്കും. ഫൈസാബാദിലെ പി.എം.എസ്.എ പൂക്കോയ തങ്ങള്‍ നഗറാണ് ഈ ചരിത്ര മുഹൂര്‍ത്തത്തിന് വേദിയാകുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായ ‘ആദര്‍ശ വിശുദ്ധി ഉയര്‍ത്തിപ്പിടിച്ച് നൂറ്റാണ്ടുകളിലൂടെ’ എന്ന പ്രമേയത്തിലൂന്നിയാണ് ഇത്തവണത്തെ സമ്മേളനം സംഘടിപ്പിക്കുന്നത്.
സമ്മേളന വിജയത്തിനായി വിവിധ സ്വാഗത സംഘം കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. പ്രധാന വേദി, പന്തല്‍ എന്നിവയുടെ ക്രമീകരണങ്ങളും പ്രചാരണ പ്രവര്‍ത്തനങ്ങളും ഫൈസാബാദില്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ ആയിരക്കണക്കിന് പണ്ഡിതന്മാരും വിദ്യാര്‍ത്ഥികളും ബഹുജനങ്ങളും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജാമിഅ സമ്മേളനത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു.