‘കര്‍ണാടകയുടെ സമാധാനം തകര്‍ത്താല്‍ ആര്‍എസ്എസിനെയും ബജ്‌റങ്ദളിനെയും നിരോധിക്കും’; വീണ്ടും മുന്നറിയിപ്പുമായി പ്രിയങ്ക് ഖാര്‍ഗെ
പ്രിയങ്ക് ഖാര്‍ഗെ
ബംഗളൂരു: സംഘ്പരിവാര്‍ സംഘടനകള്‍ക്ക് മുന്നറിയിപ്പുമായി വീണ്ടും കര്‍ണാടക ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ത്താല്‍ ആര്‍.എസ്.എസ് , ബജ്‌റങ്ള്‍ തുടങ്ങിയ സംഘടനകളെ നിരോധിക്കാന്‍ സര്‍ക്കാര്‍ മടിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
‘കര്‍ണാടകയില്‍ സമാധാനം ലംഘിക്കപ്പെട്ടാല്‍ ബജ്‌റങ്ദളിനും ആര്‍.എസ്.എസിനും നിരോധനം ഏര്‍പ്പെടുത്തും. അതിന് സര്‍ക്കാര്‍ മടിക്കില്ല’-ഖാര്‍ഗെ വ്യക്തമാക്കി.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ കൂടിയായ പ്രിയങ്ക് ഖാര്‍ഗെ ഇതാദ്യമായല്ല സംഘ്പരിവാര്‍ സംഘടനകള്‍ക്കെതിരെ ഇത്തരം മുന്നറിയിപ്പ് നല്‍കുന്നത്. 2023 മെയ് മാസത്തില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റയുടനെ, ക്രമസമാധാനത്തിന് ഭീഷണിയാകുന്ന ഏതൊരു സംഘടനയ്‌ക്കെതിരെയും, അത് ആര്‍.എസ്.എസ് ആയാലും ബജ്‌റങ്ദള്‍ ആയാലും പി.എഫ്.ഐ ആയാലും കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും നിരോധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.
സര്‍ക്കാര്‍ സ്ഥലങ്ങളില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ 2025 ഒക്ടോബറില്‍ തനിക്ക് ഭീഷണി കോളുകള്‍ ലഭിച്ചിരുന്നതായും പ്രിയങ്ക് വെളിപ്പെടുത്തിയിരുന്നു.