നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെവിട്ടതിനെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിലേക്ക്; അപ്പീൽ നടപടികൾ തുടങ്ങി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. എട്ടാം പ്രതിയായ നടൻ ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്. അപ്പീൽ സാധ്യതകൾ വിലയിരുത്തുന്ന റിപ്പോർട്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർ ഇന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിന് കൈമാറും. ഈ ആഴ്ച തന്നെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് സർക്കാർ തീരുമാനം.
ക്വട്ടേഷൻ വാദം സ്ഥാപിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി ദിലീപിനെ വെറുതെവിട്ടത്. ആദ്യഘട്ട കുറ്റപത്രത്തിൽ, ദൃശ്യങ്ങൾ പകർത്തി പണം തട്ടാനായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും, ഇതിനുമപ്പുറം മറ്റൊരു ഗൂഢാലോചന നടന്നതിന് സൂചനകളില്ലെന്നും കോടതി നിരീക്ഷിച്ചു. പൾസർ സുനി ജയിലിൽ നിന്ന് അയച്ച കത്തിന്റെ മാത്രം അടിസ്ഥാനത്തിലാണോ ദിലീപിലേക്ക് അന്വേഷണം എത്തിയതെന്നും കോടതി ചോദിച്ചിരിന്നു.
ആക്രമിക്കപ്പെട്ട നടി സംഭവം നടന്ന് രണ്ടുമാസത്തിനുശേഷവും ദിലീപിനെതിരെ സംശയമൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്ന പ്രതിരോധവും കോടതി കണക്കിലെടുത്തു. ഉന്നത ഉദ്യോഗസ്ഥരുൾപ്പെട്ട അന്വേഷണത്തിനിടെ ഇക്കാര്യം അറിയിക്കാൻ നടിക്ക് അവസരമുണ്ടായിരുന്നു. അതിനാൽ, ഗൂഢാലോചനാവാദം സ്ഥാപിക്കാൻ പൊലീസ് ആശ്രയിച്ച തെളിവുകളും മൊഴികളും നിലനിൽക്കില്ലെന്നാണ് വിചാരണക്കോടതിയുടെ കണ്ടെത്തൽ.
വിധി പ്രസ്താവിക്കുന്നതിന് മുൻപ് തന്നെ വിധിയുടെ വിശദാംശങ്ങൾ ചോർന്നു എന്ന ഊമക്കത്തിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ ഡിജിപിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.