രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് നീക്കി കോൺഗ്രസ്
തിരുവനന്തപുരം: ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ യൂത്ത് കോൺഗ്രസ് നേതാവും പാലക്കാട് എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കി. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എയാണ് കോൺഗ്രസ് ഹൈക്കമാൻഡുമായി ചർച്ച നടത്തിയ ശേഷം ഒറ്റക്കെട്ടായി എടുത്ത ഈ തീരുമാനം അറിയിച്ചത്.
രാഹുലിനെതിരെ ഗുരുതരമായ പരാതികളും കേസുകളും രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ കോൺഗ്രസ് മാതൃകാപരമായ തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നതെന്ന് സണ്ണി ജോസഫ് പറഞ്ഞു. നേരത്തെ തന്നെ ആക്ഷേപം ഉയർന്നപ്പോൾ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കിയിരുന്നു. എം.എൽ.എ സ്ഥാനം രാജിവെക്കുന്നതാണ് ഉചിതമെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു.
രാഹുലിന്റെ അറസ്റ്റ് തടയണമെന്ന ആവശ്യം തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് കോൺഗ്രസിന്റെ അച്ചടക്ക നടപടി. പരാതി ലഭിച്ച ഉടൻ തന്നെ കെ.പി.സി.സി വിഷയം ഡി.ജി.പിക്ക് കൈമാറുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു