ശബരിമല സ്വര്‍ണക്കൊള്ളയില്‍ കടകംപള്ളിയും കുടുങ്ങുമോ? എസ്‌ഐടി ചോദ്യംചെയ്തത് മൂന്നര മണിക്കൂര്‍
കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം ഉന്നതരിലേക്ക് വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അന്വേഷണ സംഘം മൂന്നര മണിക്കൂറോളം ചോദ്യം ചെയ്തു. അതേസമയം, അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍. വിജയകുമാര്‍, മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെതിരെ നിര്‍ണായക മൊഴി നല്‍കി.
കടകംപള്ളി സുരേന്ദ്രനെ കഴിഞ്ഞ ശനിയാഴ്ചയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സ്‌പോണ്‍സര്‍ എന്ന നിലയിലുള്ള പരിചയം മാത്രമേ തനിക്കുള്ളൂവെന്നും സാമ്പത്തിക ഇടപാടുകളൊന്നും നടത്തിയിട്ടില്ലെന്നും അദ്ദേഹം മൊഴി നല്‍കി. സ്വര്‍ണപ്പാളികള്‍ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് തന്റെ ഓഫീസില്‍ ഫയല്‍ നീക്കങ്ങളൊന്നും നടന്നിട്ടില്ലെന്നും, തീരുമാനങ്ങളെല്ലാം ദേവസ്വം ബോര്‍ഡിന്റേതായിരുന്നുവെന്നും കടകംപള്ളി വ്യക്തമാക്കി. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെയും സംഘം ചോദ്യം ചെയ്തിട്ടുണ്ട്.
അറസ്റ്റിലായ മുന്‍ ബോര്‍ഡ് അംഗം എന്‍. വിജയകുമാര്‍ നല്‍കിയ മൊഴി പത്മകുമാറിന് കൂടുതല്‍ കുരുക്കായിരിക്കുകയാണ്. താന്‍ നിരപരാധിയാണെന്നും ‘എല്ലാം സഖാവ് (പത്മകുമാര്‍) പറഞ്ഞിട്ടാണ് ചെയ്തതെന്നുമാണ്’ വിജയകുമാര്‍ എസ്‌ഐടിയോട് പറഞ്ഞത്. ബോര്‍ഡിലെ പ്രധാന തീരുമാനങ്ങളെല്ലാം പ്രസിഡന്റായിരുന്ന പത്മകുമാറിന്റേതായിരുന്നുവെന്നും, അദ്ദേഹത്തെ വിശ്വസിച്ച് രേഖകള്‍ വായിച്ചുനോക്കാതെ ഒപ്പിടുകയായിരുന്നുവെന്നും വിജയകുമാര്‍ അവകാശപ്പെട്ടു. സമ്മര്‍ദം സഹിക്കാനാവാതെ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം, വിജയകുമാറിന്റെ മൊഴി അന്വേഷണ സംഘം പൂര്‍ണമായി മുഖവിലക്കെടുത്തിട്ടില്ല. ഉണ്ണികൃഷ്ണന്‍ പോറ്റിയെ സഹായിക്കാനായി ദേവസ്വം മാനുവല്‍ തിരുത്തിയതടക്കമുള്ള കാര്യങ്ങള്‍ പത്മകുമാര്‍, വിജയകുമാര്‍, കെ.പി ശങ്കര്‍ദാസ് എന്നിവരുടെ അറിവോടെയാണെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. കേസില്‍ കെ.പി ശങ്കര്‍ദാസിലേക്കും അന്വേഷണം നീളുന്നതായാണ് സൂചന.