‘ആൽമരങ്ങൾ ഉണങ്ങുന്നതിന് പിന്നിൽ ചിലരുടെ അജണ്ട’; ‘ആൽ ജിഹാദ്’ ആരോപണവുമായി വിഎച്ച്പി നേതാവ്
കോഴിക്കോട്: മെഡിക്കൽ ജിഹാദിന് പുറമെ സംസ്ഥാനത്ത് ആൽ ജിഹാദും നടക്കുന്നുണ്ടെന്ന് വിഎച്ച്പി സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ വിളയിൽ. ആൽമരങ്ങൾ പെട്ടെന്ന് ഉണങ്ങിപ്പോകുന്നതിന് പിന്നിൽ ആൽ ജിഹാദാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
നൂറിലധികം ജിഹാദുകളിൽ കേരളം പുതുതായി സംഭാവന ചെയ്തതാണ് ആൽ ജിഹാദ് എന്നും ദിനംപ്രതി പുതിയ ജിഹാദുകൾ പുറത്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ആൽമരങ്ങൾ നശിപ്പിച്ചാൽ അതിന്റെ പരിസരത്ത് തങ്ങളുടെ ആശയം എത്തിക്കാമെന്ന് ചില ആളുകൾ വിചാരിക്കുന്നു. ഹിന്ദു സമൂഹം ജാഗ്രതയോടെ ഇരിക്കണമെന്ന് അനിൽ വിളയിൽ ആവശ്യപ്പെട്ടു.
കേരളത്തിൽ ഹിന്ദു ജനസംഖ്യ കുറയുകയും മുസ്‌ലിം ജനസംഖ്യ വർധിക്കുകയും ചെയ്യുകയാണ്. നിലവിൽ മലപ്പുറത്ത് ഒരു മുസ്‌ലിം ഇതര എംഎൽഎ മാത്രമേയുള്ളൂ. ഭാവിയിൽ ഹിന്ദു എംഎൽഎ ഇല്ലാത്ത ജില്ലകൾ പോലും കേരളത്തിലുണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ ചർച്ചകളും ഹിന്ദു കേന്ദ്രീകൃതമായി മാറിയെന്നും ശബരിമലയിലെ സ്വർണക്കൊള്ള പോലുള്ള സുപ്രധാന വിഷയങ്ങൾ ശ്രദ്ധിക്കപ്പെടാതെ പാദപൂജ, ഭാരതാംബയുടെ ചിത്രം, ഗണഗീതം എന്നിവയെല്ലാം വിവാദങ്ങളായി ഉയർത്തിക്കൊണ്ടുവരുന്നുയെന്നും അനിൽ കുറ്റപ്പെടുത്തി. കൂടാതെ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിൽ 25 ശതമാനവും ഒരൊറ്റ ജില്ലയിൽ നിന്നാണെന്നും വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ അവതരിപ്പിച്ച കണക്കുകൾ ഉദ്ധരിച്ച് അനിൽ വ്യക്തമാക്കി.