28/03/2026
[fontresizer_tawhidurrahmandear_widget]

സി.പി ജോൺ തിരുവമ്പാടിയിലേക്ക്?വിജയസാധ്യതയുള്ള സീറ്റ് തേടി സിഎംപി നീക്കം

 സി.പി ജോൺ തിരുവമ്പാടിയിലേക്ക്?വിജയസാധ്യതയുള്ള സീറ്റ് തേടി സിഎംപി നീക്കം

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സിഎംപി ജനറൽ സെക്രട്ടറി സി.പി ജോൺ തിരുവമ്പാടി മണ്ഡലത്തിൽ മത്സരിക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. യുഡിഎഫിലെ സീറ്റ് വിഭജന ചർച്ചകളിൽ തിരുവമ്പാടി സീറ്റ് സിഎംപി ആവശ്യപ്പെടുന്നതായാണ് വിവരം. മുസ്‌ലിം ലീഗ് സീറ്റ് വിട്ടുനൽകിയാൽ മാത്രമേ ഈ നീക്കം യാഥാർഥ്യമാകൂ.

​നിലവിൽ യുഡിഎഫിൽ ലീഗ് മത്സരിക്കുന്ന സീറ്റാണ് തിരുവമ്പാടി. സി.പി ജോണിനോടുള്ള താൽപര്യവും മുന്നണി ബന്ധവും പരിഗണിച്ച് ലീഗ് ഈ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് സിഎംപി നേതൃത്വം. മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങൾ സി.പി ജോണിന് അനുകൂലമാണെന്നും, അതുവഴി വിജയം ഉറപ്പാക്കാമെന്നുമാണ് നേതാക്കളുടെ കണക്കുകൂട്ടൽ.

​അതിനിടെ, തിരുവമ്പാടി സീറ്റ് ഏറ്റെടുക്കാൻ കോൺഗ്രസിനും ആഗ്രഹമുണ്ട്. കോഴിക്കോട് ജില്ലയിൽ വിജയസാധ്യത മുൻനിർത്തി സീറ്റുകൾ വെച്ചുമാറാനും യുഡിഎഫിൽ ആലോചനയുണ്ട്. ബേപ്പൂർ സീറ്റ് പി.വി അൻവറിന് നൽകാനും ആലോചന നടക്കുന്നുണ്ട്. അല്ലാത്തപക്ഷം ബേപ്പൂർ ലീഗിന് നൽകി കുന്ദമംഗലം കോൺഗ്രസ് ഏറ്റെടുത്തേക്കും. കുന്ദമംഗലം സീറ്റ് സിഎംപിക്ക് നൽകാനും ആലോചനയുണ്ട്. അങ്ങനെ വന്നാൽ എംവിആർ കാൻസർ സെന്റർ ചെയർമാൻ സി.എൻ വിജയകൃഷ്ണനാകും സ്ഥാനാർത്ഥി.

​കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ രണ്ട് സീറ്റിൽ മാത്രമാണ് യുഡിഎഫ് ജയിച്ചത്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റം കണക്കിലെടുത്ത് ഇത്തവണ എട്ട് മുതൽ 10 സീറ്റുകൾ വരെ പിടിച്ചെടുക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.

Also read: