27/01/2026

ദീപക്കിന്റെ ആത്മഹത്യ: വീഡിയോ ചിത്രീകരിച്ച യുവതി ഒളിവിൽ; തിരച്ചിൽ ഊർജിതമാക്കി പോലീസ്

 ദീപക്കിന്റെ ആത്മഹത്യ: വീഡിയോ ചിത്രീകരിച്ച യുവതി ഒളിവിൽ; തിരച്ചിൽ ഊർജിതമാക്കി പോലീസ്

കോഴിക്കോട്: ഇൻസ്റ്റാഗ്രാം റീലിലൂടെ ലൈംഗികാരോപണം ഉന്നയിച്ചതിനെത്തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ യുവതി ഒളിവിൽ. വടകര സ്വദേശിനി ഷിംജിത മുസ്തഫയ്ക്കായി മെഡിക്കൽ കോളേജ് പോലീസ് തിരച്ചിൽ ഊർജിതമാക്കി. ദീപക്കിന്റെ അമ്മ നൽകിയ പരാതിയിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി യുവതിക്കെതിരെ പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്താനാണ് പോലീസ് നിലവിൽ ശ്രമിക്കുന്നത്. ഇതിനായി യുവതിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സൈബർ പോലീസിന്റെ സഹായം തേടിട്ടുണ്ട്. ബസ് യാത്രയ്ക്കിടെ ഉണ്ടായ സംഭവം വടകര പോലീസിൽ അറിയിച്ചിരുന്നു എന്ന യുവതിയുടെ അവകാശവാദം തെറ്റാണെന്ന് പോലീസ് കണ്ടെത്തി. ഇത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്ന് വടകര ഇൻസ്‌പെക്ടർ വ്യക്തമാക്കിയതോടെ യുവതിയുടെ വാദം പൊളിഞ്ഞു.

സംഭവം വിവാദമായതോടെ യുവതി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നീക്കം ചെയ്തിരിക്കുകയാണ്. അതേസമയം, കേസിൽ ഉത്തരമേഖലാ ഡിഐജി നേരിട്ട് അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ പ്രചരിപ്പിച്ചതിൽ മനംനൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചു.

Also read: