27/01/2026

ശാരീരിക പരിമിതികളെ തോല്‍പ്പിച്ച സൈക്കിള്‍ സഞ്ചാരി അഷ്‌റഫ് മരിച്ച നിലയില്‍

 ശാരീരിക പരിമിതികളെ തോല്‍പ്പിച്ച സൈക്കിള്‍ സഞ്ചാരി അഷ്‌റഫ് മരിച്ച നിലയില്‍

അഷ്റഫ്

തൃശൂര്‍: ഒറ്റക്കാലില്‍ സൈക്കിള്‍ ചവിട്ടി ഹിമാലയത്തിലേക്കും ലഡാക്കിലേക്കും യാത്ര നടത്തി ശ്രദ്ധേയനായ സഞ്ചാരി അഷ്‌റഫ് (43) മരിച്ച നിലയില്‍. വടക്കാഞ്ചേരി ഏങ്കക്കാട് റെയില്‍വേ ഗേറ്റിന് സമീപമുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. തൃശ്ശൂര്‍ പത്താംകല്ല് സ്വദേശിയാണ് മരിച്ച അഷ്‌റഫ്.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള തോട്ടിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. സമീപത്തെ തോട്ടുപാലത്തിന് മുകളില്‍നിന്ന് താഴേക്ക് വീണതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ശാരീരിക പരിമിതികളെ ഇച്ഛാശക്തികൊണ്ട് നേരിട്ട വ്യക്തിയായിരുന്നു അഷ്‌റഫ്. 2017ല്‍ ഉണ്ടായ ഒരു ബൈക്ക് അപകടത്തില്‍ അഷ്‌റഫിന്റെ ഒരു കാല്‍പാദം അറ്റുപോയിരുന്നു. തുടര്‍ന്ന് തുന്നിച്ചേര്‍ത്ത കാല്‍പാദവുമായി കടുത്ത വേദനയിലും ജീവിതത്തോട് പൊരുതിയ അദ്ദേഹം, പരിമിതമായി മാത്രം ചലനശേഷിയുള്ള കാലുമായി ലഡാക്കിലേക്ക് നടത്തിയ സൈക്കിള്‍ യാത്രയിലൂടെയാണ് ജനശ്രദ്ധ പിടിച്ചുപറ്റിയത്. ഒന്നിനുപുറകെ ഒന്നായി വന്ന അപകടങ്ങളെയും ശാരീരിക ബുദ്ധിമുട്ടുകളെയും അതിജീവിച്ചായിരുന്നു അഷ്‌റഫ് തന്റെ യാത്രകള്‍ നടത്തിയിരുന്നത്.

അഷ്‌റഫിന്റെ അപ്രതീക്ഷിത വിയോഗം നാട്ടുകാരെയും സുഹൃത്തുക്കളെയും ഞെട്ടിച്ചിരിക്കുകയാണ്. സംഭവമറിഞ്ഞ് വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മരണത്തില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Also read: