28/03/2026
[fontresizer_tawhidurrahmandear_widget]

‘എസ്‌ഐആറില്‍ വോട്ട് വെട്ടാന്‍ ഉപയോഗിക്കുന്നത് ബിജെപി ഐടി സെല്‍ നിര്‍മിച്ച ആപ്പുകള്‍’; ഗുരുതര ആരോപണവുമായി മമത ബാനര്‍ജി

 ‘എസ്‌ഐആറില്‍ വോട്ട് വെട്ടാന്‍ ഉപയോഗിക്കുന്നത് ബിജെപി ഐടി സെല്‍ നിര്‍മിച്ച ആപ്പുകള്‍’; ഗുരുതര ആരോപണവുമായി മമത ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട തീവ്ര പരിശോധനയില്‍ (എസ്ഐആര്‍) തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ അതിരൂക്ഷ വിമര്‍ശനവും ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാനത്ത് വോട്ടര്‍ പട്ടികയില്‍നിന്ന് പേരുകള്‍ നീക്കം ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നത് ഔദ്യോഗിക സംവിധാനങ്ങളല്ലെന്നും, ബിജെപി ഐടി സെല്‍ വികസിപ്പിച്ച അനധികൃത മൊബൈല്‍ ആപ്പുകളാണെന്നും മമത ആരോപിച്ചു. ഗംഗാസാഗര്‍ മേളയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്പക്ഷത വെടിഞ്ഞിരിക്കുകയാണ്. ബിജെപിയുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ കൂട്ടുനില്‍ക്കുകയാണ് കമ്മീഷന്‍. വരാനിരിക്കുന്ന 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തൃണമൂല്‍ കോണ്‍ഗ്രസ് അനുഭാവികളെ വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിമാറ്റാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും മമത ആരോപിച്ചു.

‘തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കുന്ന ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും പരിശോധിക്കണം. വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും പരിശോധിക്കുന്നതിനും ഉപയോഗിക്കുന്ന ആപ്പുകള്‍ ബിജെപി ഐടി സെല്‍ നിര്‍മിച്ചതാണ്. ഇത് തികച്ചും നിയമവിരുദ്ധവും ജനാധിപത്യ ധ്വംസനവുമാണ്,’ മമത ആരോപിച്ചു. യഥാര്‍ത്ഥ വോട്ടര്‍മാരായ ലക്ഷക്കണക്കിന് ആളുകളെ ‘മരിച്ചവര്‍’ എന്നും ‘സ്ഥലം മാറിപ്പോയവര്‍’ എന്നും രേഖപ്പെടുത്തി പട്ടികയില്‍ നിന്ന് നീക്കം ചെയ്യുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

സാധാരണ ജനങ്ങളെയും പ്രായമായവരെയും ദ്രോഹിക്കുന്ന നടപടികളാണ് കമ്മീഷന്‍ സ്വീകരിക്കുന്നതെന്നും മമത ആരോപിച്ചു. വര്‍ഷങ്ങളായി ഒരേ സ്ഥലത്ത് താമസിക്കുന്നവരെയും, രോഗികളെയും മുതിര്‍ന്ന പൗരന്മാരെയും പോലും വോട്ടര്‍ പട്ടികയിലെ പേര് നിലനിര്‍ത്താനായി കിലോമീറ്ററുകള്‍ അകലെയുള്ള ഓഫീസുകളിലേക്ക് ഹിയറിങ്ങിനായി വിളിച്ച് വരുത്തുകയാണ്. ഇത് മനുഷ്യാവകാശ ലംഘനമാണെന്നും ജനങ്ങളെ മാനസികമായി പീഡിപ്പിക്കുന്നതിന് തുല്യമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ബിജെപി ഐടി സെല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലിരുന്നാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ച് വോട്ടര്‍മാരെ തരംതിരിച്ച് നീക്കം ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും മമത നേരത്തെയും ആരോപിച്ചിരുന്നു. ഈ നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് മമത ബാനര്‍ജി കത്തയച്ചിട്ടുണ്ട്.

വിഷയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നിയമപോരാട്ടവും ആരംഭിച്ചു കഴിഞ്ഞു. തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏകപക്ഷീയമായ നടപടികള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ക്കെതിരെ സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം. ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും, ബിജെപിയുടെ ഗൂഢാലോചനയെ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും മമത ബാനര്‍ജി വ്യക്തമാക്കി.

Also read: