28/03/2026
[fontresizer_tawhidurrahmandear_widget]

‘നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ നഷ്ടപ്പെട്ട ദിനങ്ങള്‍ക്ക് ആര് പകരം നല്‍കും?’; ഉമര്‍ ഖാലിദ് കേസില്‍ ജസ്റ്റിസ് ചന്ദ്രചൂഡ്

 ‘നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ നഷ്ടപ്പെട്ട ദിനങ്ങള്‍ക്ക് ആര് പകരം നല്‍കും?’; ഉമര്‍ ഖാലിദ് കേസില്‍ ജസ്റ്റിസ് ചന്ദ്രചൂഡ്

ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ഉമര്‍ ഖാലിദ്

ജയ്പൂര്‍: വിചാരണ കൂടാതെ വര്‍ഷങ്ങളോളം തടവിലിട്ട ശേഷം ഒരാള്‍ നിരപരാധിയാണെന്ന് തെളിഞ്ഞാല്‍, അയാളുടെ നഷ്ടപ്പെട്ട ജീവിതത്തിന് ആര് മറുപടി പറയുമെന്ന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിചാരണ കൂടാതെ അഞ്ച് വര്‍ഷമായി ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിന്റെ വിഷയം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ചോദ്യം ഉന്നയിച്ചത്. കുറ്റവാളിയാണെന്ന് തെളിയും വരെ നിരപരാധിയാണ്. വിചാരണ അനന്തമായി നീണ്ടാല്‍ ജാമ്യം നല്‍കണമെന്നാണ് വ്യവസ്ഥയെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കുറ്റവാളിയാണെന്ന് കോടതിയില്‍ തെളിയിക്കപ്പെടുന്നതുവരെ ഏത് പ്രതിയും നിരപരാധിയാണ്. വിചാരണയ്ക്ക് മുന്‍പുള്ള തടവ് ഒരിക്കലും ശിക്ഷയായി മാറാന്‍ പാടില്ല. അഞ്ചോ ഏഴോ വര്‍ഷം വിചാരണത്തടവുകാരനായി ജയിലില്‍ കിടന്ന ശേഷം ഒരാള്‍ കുറ്റവിമുക്തനായാല്‍, നഷ്ടപ്പെട്ട ആ സമയം നിങ്ങള്‍ എങ്ങനെ നികത്തും?’ ചന്ദ്രചൂഡ് ചോദിച്ചു.

ദേശീയ സുരക്ഷാ നിയമങ്ങളുടെ പേരില്‍ ആളുകളെ അനന്തമായി തടവിലിടുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍, എത്ര ഗൗരവമുള്ള കേസിലായാലും ജാമ്യം നല്‍കുക എന്നതാണ് നീതി. ‘ജാമ്യമാണ് നിയമം, ജയില്‍ എന്നത് അപവാദം മാത്രമാണ്’ എന്ന തത്വം പാലിക്കപ്പെടണം. പ്രതി വീണ്ടും കുറ്റകൃത്യം ചെയ്യാനോ, ഒളിച്ചോടാനോ, തെളിവുകള്‍ നശിപ്പിക്കാനോ സാധ്യതയുള്ള സാഹചര്യങ്ങളില്‍ മാത്രമേ ജാമ്യം നിഷേധിക്കാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.

കീഴ്‌ക്കോടതികള്‍ ജാമ്യം നല്‍കാന്‍ ഭയക്കുന്ന പ്രവണതയുണ്ട്. ഇത് സുപ്രീം കോടതിയിലെ കേസ് കെട്ടിക്കിടക്കലിന് കാരണമാകുന്നുണ്ട്. ജഡ്ജി എന്ന നിലയിലല്ല, ഒരു പൗരന്‍ എന്ന നിലയിലാണ് താനിത് പറയുന്നതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് കൂട്ടിച്ചേര്‍ത്തു.

Also read: